ചെന്നൈ:അണ്ണാഡിഎംകെ ജനറൽ കൗൺസിലിന്റെ സാധുത റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്കു പിന്നാലെ അനുരഞ്ജനത്തിനുള്ള ഒ.പനീർസെൽവത്തിന്റെ ആഹ്വാനം പാടേ തള്ളി എടപ്പാടി പളനിസാമി വീണ്ടും കോടതിയിൽ. നീരസം മാറ്റിവച്ച് അൻപ് സഹോദരൻ’ എടപ്പാടി, പാർട്ടി സ്ഥാപകൻ എംജിആറിന്റെയും അന്തരിച്ച മുൻമുഖ്യമന്ത്രി ജയലളി തയുടെയും ത്യാഗങ്ങൾ ഓർത്ത് ഒരുമിച്ച് പ്രവർത്തിക്കണമെന്നാണു പനീർസെൽവം അഭ്യർഥിച്ചത്.
എന്നാൽ, പാർട്ടി ആസ്ഥാനം തല്ലിത്തകർത്ത് സുപ്രധാന രേഖകൾ കൊള്ളയടിച്ചയാളുമായി ഒരു സഖ്യത്തിനുമില്ലെന്ന് എടപ്പാടി തുറന്നടിച്ചു. അധികാരം മാത്രമാണ് ഒപിഎസിന്റെ ലക്ഷ്യം.പനീർസെൽവം കാരണമാണ് പാർട്ടി തിരഞ്ഞെടുപ്പിൽ പരാജയ പ്പെട്ടതെന്ന് ആരോപിച്ച പളനിസാമി, ഒപിഎസിനു ഡിഎംകെയുമായി രഹസ്യബന്ധമുണ്ടെന്നും ആരോപിച്ചു.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയതായും എടപ്പാടി അറിയിച്ചു.അതേസമയം, വി.കെ.ശശി കല, ടിടിവി ദിനകരൻ ഉൾപ്പെടെയുള്ളവരും പാർട്ടിയിൽ തിരിച്ചെത്തണമെന്നു പനീർ സെൽവം ആവശ്യപ്പെട്ടിട്ടുണ്ട്.
എടപ്പാടിക്ക് സുപ്രീം കോടതി നോട്ടിസ്
അണ്ണാഡിഎംകെ പാർട്ടി ആസ്ഥാനത്തിന്റെ താക്കോൽ എടപ്പാടി കെ.പളനിസാമിക്കു കൈമാറാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ ഒ.പനീർസെൽവം നൽകിയ അപ്പീലിൽ സുപ്രീം കോടതി എതിർകക്ഷികൾക്കു നോട്ടിസ് അയച്ചു. എന്നാൽ ഹൈക്കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ അനുവദിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.
എടപാടി പളനിസാമിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പനീർസെൽവം “ആരുമില്ല’ എന്ന് പരാമർശിച്ചു. എന്നാൽ, മദ്രാസ് ഹൈക്കോടതി വിധിയോടെ പാർട്ടി കോ ഓർഡിനേറ്റർ പദവിയിൽ പനീർസെൽവം തിരിച്ചെത്തിയെന്നു പനീർസെൽവത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശേഖർ നഫാഡെ കോടതിയെ അറിയിച്ചു.
ഇതോടെ, അത്തരം പദ പ്രയോഗങ്ങൾ ഉപയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് റോത്തഗിയോട് ആവശ്യപ്പെട്ടു. തുടർന്ന് എടപ്പാടി അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടിസ് അയയ്ക്കാനും കോടതി നിർദേശിച്ചു.