ചെന്നൈ:തൂത്തുക്കുടി കോവിൽപട്ടിക്കടുത്ത് കടയിൽ നിന്നു ജൂസ് വാങ്ങിക്കുടിച്ച 8-ാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ഗായത്തരു സ്വദേശിയായ മഹാലിംഗത്തിന്റെ മകൾ ലക്ഷ്മി പ്രിയ (14)യാണു മരിച്ചത്. 3 ദിവസം മുൻപു സ്കൂളിൽ നിന്നു മാതാവ് ശാന്തിക്കൊപ്പം വീട്ടിലേക്കു മടങ്ങുന്നതിനിടെ ലക്ഷ്മിപ്രിയ സമീപത്തെ കടയിൽ നിന്നു ഫ്രൂട്ട് ജൂസ് വാങ്ങി. വീട്ടിലെത്തിയ ശേഷം ഇരുവരും ചേർന്നു കഴിച്ചു.
അൽപസമയത്തിനകം ഇരുവർക്കും ഛർദ്ദിയും ബോധക്ഷയവും തലകറക്കവും അനുഭവപ്പെട്ടു. ഇരുവരെയും അയൽവാസികൾ ആശുപത്രിയിലാക്കിയെങ്കിലും കുട്ടിയുടെ നില വഷളായി.
കൂടുതൽ ചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. മാതാവ് ശാന്തിയും ഗുരുതര നിലയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്നു കടയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ഗായത്താരു പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പൊലീസ് കടയുടമയ്ക്കെതിരെ കേസെടുത്തു.