ചെന്നൈ • മലബാറിലേക്കുള്ള ഓണത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കണ്ണൂരിലേക്കു സ്പെഷൽ സർവീസ് നടത്തും. 5, 6, 7, 11, 12, 13 തീയതികളിൽ വൈകിട്ട് 6നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ 8.55ന് കണ്ണൂരിൽ എത്തിച്ചേരും. കണ്ണുംരിൽ നിന്നു ചെന്നൈയിലേക്ക് 4, 5, 6, 10, 11, 12 തീയതികളിൽ സർവീസ് ഉണ്ടാകും. വൈകിട്ട് 4നു കണ്ണൂരിൽ നിന്നു പുറപ്പെടുകയും പിറ്റേന്നു രാവിലെ 7.05ന് ചെന്നൈയിൽ എത്തിച്ചേരുകയും ചെയ്യും.
സേലം, കോയമ്പത്തൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വഴിയുള്ള സ്വിഫ്റ്റ് ഡീലക്സ് എയർ ബസിന് 1,046 രൂപയാണു ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ബുക്കിങ്ങിനുള്ള ഓൺലൈൻ റിസർവേഷൻ അരംഭിച്ചിട്ടുണ്ട്.ബുക്കിങ്ങിന് www.online.keralartc.com
ഉത്സവ സീസണുകളിൽ മലബാർ ഭാഗത്തേക്കു സ്പെഷൽ സർവീസ് വേണമെന്ന ഏറെക്കാലത്തെ ആവശ്യത്തിനൊടുവിലാണു സർവീസ് നടത്താൻ കെഎസ്ആർടിസി തയാറാകുന്നത്. കഴിഞ്ഞ ക്രിസ്മസ്, വിഷു സമയങ്ങളിൽ തൃശൂർ, തിരുവനന്തപുരം ഭാഗങ്ങളിലേക്കു ബസ് ഓടിച്ചെങ്കിലും മലബാറിലേക്കു സർവീസ് നടത്തിയില്ല. മലബാറിലേക്കുള്ള യാത്രികരുടെ ദുരിതത്തിന് അറുതിവരുത്തുന്നതിനായി സ്പെഷൽ സർവീസ് നടത്തുന്നതിന് കെഎസ്ആർടിസി അധികൃതരോട് തമിഴ്നാട്ടിലെ മലയാളി സംഘടനകളുടെ കോൺഫെഡറേഷനായ സിടി എംഎ പലതവണ ആവശ്യപ്പെട്ടിരുന്നു. സിടി എംഎയുടെ നിരന്തര സമ്മർദത്തിന്റെ കൂടി ഫലമായാണ് ഇപ്പോൾ ബസ് അനുവദിച്ചിരിക്കുന്നത്.
എറണാകുളത്തേക്കുള്ള സ്പെഷൽ സർവിസിലേക്കുള്ള ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ചെന്നൈയിൽ നിന്ന് എറണാകുളത്തേക്ക് 5 മുതൽ 13 വരെയും തിരിച്ച് 4 മുതൽ 12 വരെയുമാണ് സർവീസ്.ചെന്നൈ എറണാകുളം സ്പെഷൽ വൈകിട്ട് 5.30നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6.40ന് എറണാകുളത്ത് എത്തും. മടക്കസർവിസ് വൈകിട്ട് 7.30നു പുറപ്പെട്ട് പിറ്റേന്നു രാവി ലെ 8.25ന് ചെന്നൈയിൽ എത്തിച്ചേരും. 946 രൂപയാണ് നിരക്ക്. നിലവിലുള്ള പ്രതിദിന സർവീസിനു പുറമേയാണു സ്പെഷൽ സർവീസ് നടത്തുന്നത്.