ചെന്നൈ: ചിന്മയ നഗറിൽ രാവിലെ ശുചീകരണ തൊഴിലാളികളാണു റോഡരികിൽ കറുത്ത കവറിൽ തലയിൽ മുറിവുകളോടെ മൃതദേഹം കണ്ടത്.കൈകാലുകൾ കെട്ടിയും വായിൽ തുണി തിരുകിയ നിലയിലുമായിരുന്നു. ആദമ്പാക്കം സ്വദേശിയും ബിസിനസുകാരനുമായ ഭാസ്കര ന്റേതാണു (60) മൃതദേഹമെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.സമീപത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാറും കണ്ടെത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയ ഭാസ്കരന്റെ ഫോൺ പിന്നീട് സ്വിച്ച് ഓഫ് ആയിരുന്നു. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് മകൻ കാർത്തിക് പൊലീസിൽ പരാതി നൽകിയിരുന്നു. ഭാസ്കരന്റെ എടിഎം കാർഡ് ഉപയോഗിച്ച് രണ്ടു തവണയായി 10,000 രൂപ പിൻവലിച്ചിട്ടുണ്ട്. മരണം സംബന്ധിച്ച് പൊലീസ് വിശദ അന്വേഷണം നടത്തുന്നു.
റിച്ചി സ്ട്രീറ്റിൽ 35 ലക്ഷത്തിന്റെ ഫോണുകൾ കവർന്നു
നഗരത്തിന്റെ ഇലക്ട്രോനിക്സ് ഹബ് ആയ റിച്ചി സ്ട്രീറ്റിൽ നിന്നു 35 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കൊള്ളയടിച്ച കേസിൽ കൗമാരക്കാരൻ അടക്കം 2 പേർ അറസ്റ്റിൽ. മൂന്നാമനായുള്ള തിരച്ചിൽ തുടരുന്നു. 65 ഫോണുകൾ, 20 സ്മാർട്ട് വാച്ചുകൾ തുടങ്ങിയവ വീണ്ടെടുത്തു. ബൈക്കിലെത്തിയ മൂന്നു പേർ കഴിഞ്ഞ ദിവസം പുലർച്ചെയാണ് 250 മൊബൈൽ ഫോണുകൾ അടക്കം 35 ലക്ഷം രൂപയുടെ ഫോണുകൾ കവർന്നത്. ഇവിടെ സ്ഥിരമായി എത്തുന്നവരാണു സംഭവത്തിനു പിന്നിലെന്നാണു പൊലീസിന്റെ നിഗമനം