നാഗപട്ടണം (തമിഴ്നാട്): നിറഞ്ഞൊഴുകുന്ന വിശ്വാസ സമൂഹത്തിന്റെ സാന്നിധ്യത്തില്‍ വര്‍ണാഭമായ ആഘോഷങ്ങളോടെ 11 ദിവസം നീണ്ടുനില്‍ക്കുന്ന വേളാങ്കണ്ണി ദേവാലയ തിരുനാളിനു തുടക്കമായി. പ്രാര്‍ഥനയും കണ്ണീരുമര്‍പ്പിച്ച്, നാനാജാതിയില്‍പ്പെട്ട വിശ്വാസികളാണ് മാതാവിന്റെ സന്നിധിയിലേക്ക് ഒഴുകുന്നത്.മുട്ടിലിഴഞ്ഞും തല മുണ്ഡനം ചെയ്തും അമ്മത്തൊട്ടില്‍ കെട്ടിയും ആമപൂട്ട് പൂട്ടിയും വിശ്വാസികള്‍ പ്രാര്‍ഥനയുമായി വേളാങ്കണ്ണി മാതാവിന്റെ മുന്നിലെത്തുകയാണ്.
തിരുനാള്‍ ആരംഭിച്ചതോടെ പള്ളിപ്പരിസരത്തും വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പതിനായിരക്കണക്കിനു വിശ്വാസികളാണ് ദിനന്തോറും വിശുദ്ധകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നത്.
അഞ്ചേക്കറില്‍ സ്ഥിതി ചെയ്യുന്ന വേളാങ്കണ്ണി പള്ളിയിലേക്കു പത്ത് ലക്ഷം വിശ്വാസികള്‍ എത്തുമെന്നാണ് തിരുനാള്കമ്മിറ്റിയും അഭ്യന്തരവകുപ്പും പ്രതീക്ഷിക്കുന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്നു രണ്ടു വര്‍ഷമായി പെരുന്നാള്‍ ചടങ്ങുകള്‍ മാത്രമായാണ് നടത്തിയത്. വീണ്ടും പ്രൗഢമായി പെരുന്നാള്‍ ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് വിശ്വാസികള്‍.

തഞ്ചാവൂര്‍ ബിഷപ് ഡോ. എം. ദേവദാസ് അംബ്രോസ് പതാക ഉയര്‍ത്തിയതോടെയാണ് തിരുനാള്‍ ആരംഭിച്ചത്. നാളെ ജപമാല, നൊവേന പ്രാര്‍ഥന എന്നിവയ്ക്ക് ശേഷം വിശുദ്ധ കുര്‍ബാനയും പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയും ബിഷപ്പിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
സമാപനദിവസമായ എട്ടിനു മോര്‍ണിംഗ് സ്റ്റാര്‍ ദേവാലയത്തില്‍ പ്രത്യേക തിരുനാള്‍ കുര്‍ബാന നടക്കും. പതാക താഴ്ത്തുന്നതോടെ തിരുനാള്‍ സമാപിക്കും. തമിഴ്, ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം കുര്‍ബാന അര്‍പ്പിക്കപ്പെടുന്നുണ്ട്.
ഫാ. സി. ഇരുദയരാജ്, റെക്ടര്‍ ഫാ. അര്‍പുതരാജ്, വൈസ് റെക്ടറും ഇടവക വികാരിയുമായ ഫാ. ഡി. ഉലഗനാഥന്‍ തുടങ്ങിയവര്‍ തിരുനാള്‍ കമ്മിറ്റിക്കു നേതൃത്വം നല്കുന്നു.