മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ച ബ്രിട്ടീഷ് എഞ്ചിനീയര്‍ കേണല്‍ ജോണ്‍ പെന്നിക്വിക്കിന്റെ പ്രതിമ തമിഴ്നാട് സര്‍ക്കാര്‍ ഇംഗ്ലണ്ടില്‍ സ്ഥാപിച്ചു.യു.കെയിലെ കാംബര്‍ലിയില്‍ സ്ഥാപിച്ച പ്രതിമ തമിഴ്നാട് സര്‍ക്കാരിന് വേണ്ടി മന്ത്രി ഐ.പെരിയസ്വാമി അനാച്ഛാദനം ചെയ്തു.
എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കിയാണ് പരിപാടി നടത്തിയത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ വി.പി.ജയശീലന്‍, എംഎല്‍എമാരായ എന്‍.രാമകൃഷ്ണന്, എ.മഹാരാജന്, കാംബര്‍ലി തമിഴ് ബ്രിട്ടീഷ് അസോസിയേഷന് ഭാരവാഹികള്‍ എന്നിവരും പങ്കെടുത്തു.
പെന്നിക്വിക്കിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രതിമ സ്ഥാപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് പ്രഖ്യാപിച്ചിരുന്നു.
തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ പെന്നിക്വിക്കിന്റെ ജന്മദിനം പ്രത്യേക ചടങ്ങുകളോടെയാണ് ആചരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ പെന്നിക്വിക്കിന്റെ പേരും ആളുകള്‍ ഇടാറുണ്ട്. 2000ല്‍ അന്നത്തെ മുഖ്യമന്ത്രി എം.കരുണാനിധി മധുര ജില്ലയിലെ തള്ളക്കുളത്ത് പെന്നിക്വിക്കിന്റെ പ്രതിമ സ്ഥാപിച്ചിരുന്നു. തേനി ജില്ലയിലെ ലോവര്‍ ക്യാപിലും ഇദ്ദേഹത്തിന്റെ പേരില്‍ സ്മാരകമുണ്ട്. തേനി ബസ് ടെര്‍മിനലിനും കേണല്‍ ജോണ്‍ പെന്നിക്വിക്കിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.