ചെന്നൈ • എടിഎമ്മുകളിൽ ഇടപാടിന് എത്തുന്നവരെ കബളിപ്പിച്ച് പണം തട്ടുന്ന ആളെ എംകെ ബി നഗർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശവാസിയായ ജാക്വിലിൻ ഇറുദയരാജിന്റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പെരമ്പൂർ സ്വദേശിയായ കെ. പ്രഭുവിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 271 ക്രഡിറ്റ്, ഡെബിറ്റ് കാർഡുകളും പണവും ഇരുചക്രവാഹനവും പിടിച്ചെടുത്തതായും കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ജാക്വിലിൻ തനിക്കു ലഭിച്ച പുതിയ എടിഎം കാർഡ് ആക്ടിവേറ്റ് ചെയ്യാനായി എടിഎമ്മിൽ എത്തിയപ്പോഴാണ് തട്ടിപ്പിന് ഇരയായത്. കാർഡ് പ്രവർത്തിക്കാത്തതിനെ തുടർന്ന് സമീപത്തുണ്ടായിരുന്ന ആൾ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.
വീണ്ടും പിൻ നമ്പർ നൽകാൻ ആവശ്യപ്പെട്ട ഇയാൾ അക്കൗണ്ടിനു പ്രശ്നമുണ്ടെന്നു വിശ്വസിപ്പിച്ചതായി ജാക്വിലിൻ പറഞ്ഞു. വീട്ടിലെത്തി ഫോൺ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽ നിന്നു പണം നഷ്ടമായ വിവരം മനസ്സിലായത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.