2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 39 സീറ്റുകളില്‍ 38 സീറ്റുകളും നേടിക്കൊണ്ട് തമിഴ്നാട്ടില്‍ ഡി എം കെ നയിക്കുന്ന സഖ്യം വലിയ മുന്നേറ്റമായിരുന്നു നടത്തിയത്. കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയില്‍ സഖ്യം വിജയിച്ചു. ഡി എം കെ 20, കോണ്‍ഗ്രസ് 8, സി പി എം 2, സി പി ഐ 2, വി സി കെ 2, മുസ്ലീം ലീഗ് 1, ഐ ജെ കെ 1, കെ എം ഡി കെ, എം ഡി എം കെ 1 എന്നിങ്ങനെയായിരുന്നു സംസ്ഥാനത്ത് സഖ്യത്തിന് ലഭിച്ച സീറ്റുകള്‍.
അണ്ണാ ഡി എം കെ വിജയിച്ച തേനി മാത്രമാണ് ഡി എം കെ സഖ്യത്തിന് നഷ്ടമായത്. എന്നാല്‍ 2024 ല്‍ നടക്കാന്‍ പോവുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ തേനിയും പിടിച്ച് സമ്ബൂര്‍ണ്ണ വിജയമാണ് ഡി എം കെ ലക്ഷ്യമിടുന്നത്.
2024ലെ പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 39 ലോക്‌സഭാ സീറ്റുകളും പുതുച്ചേരിയിലെ ഏക സീറ്റും ഡി എം കെ സഖ്യം പിടിച്ചെടുക്കുമെന്നാണ് പാര്‍ട്ടി അധ്യക്ഷനും സംസ്ഥാന മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. “നമ്മുടെ ലക്ഷ്യം ’40 സീറ്റുകളും നമ്മുടേതാണ്, രാജ്യം നമ്മുടേതാണ്’ എന്ന മുദ്രാവാക്യമാണ്” വിരുദുനഗര്‍ ജില്ലയില്‍ നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ സ്റ്റാലിന്‍ പറഞ്ഞു.
നമ്മുടെ പാര്‍ട്ടിയുടെ അഭിമാനം നിലനിറുത്തണമെങ്കില്‍ 40ല്‍ 40 സീറ്റും നേടണമെന്നും സ്റ്റാലിന്‍ പറഞ്ഞു. “നമക്ക് മുഴുവന്‍ രാജ്യത്തോടും കടമയുണ്ട്. ഫെഡറലിസം, സംസ്ഥാന സ്വയംഭരണം, മതേതരത്വം, സാമൂഹിക നീതി, സമത്വം തുടങ്ങിയ നമ്മുടെ ആശയങ്ങള്‍ പ്രചരിപ്പിക്കേണ്ടതുണ്ട്. സംസ്ഥാനവും കേന്ദ്രസര്‍ക്കാരും തമ്മിലാണ് തിരഞ്ഞെടുപ്പ് പോരാട്ടം, അതായത് ഡി എം കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യവും ബി ജെ പിയും തമ്മിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
2019 ലെ പ്രകടനം ആവര്‍ത്തിക്കാനല്ല, അതിനും മുകളില്‍ നേടാന്‍ നമുക്ക് സാധിക്കണം. ആര്യന്‍ മോഡലില്‍ ആളുകളെ ഉയര്‍ന്നവരും താഴ്ന്നവരുമായി വേര്‍തിരിക്കുമ്ബോള്‍ ദ്രാവിഡ മാതൃക സാമൂഹിക നീതിയിലും സമത്വത്തിലും അധിഷ്ഠിതമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. വിവിധ വികസന സൂചികകളില്‍ തമിഴ്‌നാട് ഒന്നാം സ്ഥാനത്താണെന്നും ജി ഡി പിയില്‍ മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാമതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാര്‍ ഹിന്ദിയെ ഏകീകൃത ഭാഷയാക്കുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്നും ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നിയമനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ഇരട്ട ഭരണ മാതൃക നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ജിഎസ്ടി സാമ്ബത്തികത്തിനുള്ള നമ്മുടെ അവകാശവും നീറ്റ് വിദ്യാഭ്യാസത്തിനുള്ള അവകാശവും ഇല്ലാതാക്കിയെന്നും സ്റ്റാലിന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നിരവധി പരിപാടികള്‍ പൊതുജനക്ഷേമത്തിന് എതിരാണ്. ഇതിനെല്ലാം തടയിടാന്‍ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലും നമ്മുടെ സഖ്യം വിജയിച്ച് പാര്‍ലമെന്റിലേക്ക് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഎംകെ സ്ഥാപകന്‍ സി എന്‍ അണ്ണാദുരൈയുടെ ജന്മദിനവും ഡിഎംകെയുടെ സ്ഥാപക ദിനവും പ്രമാണിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് നല്‍കുന്ന ചടങ്ങായിരുന്നു വ്യാഴാഴ്ച സംഘടിപ്പിച്ചത്.