ചെന്നൈ • സംസ്ഥാനത്ത് വ്യത്യസ്ത സംഭവങ്ങളിൽ വൈദ്യു താഘാതമേറ്റ് 5 പേർ മരിച്ചു. ധർമപുരിയിൽ മുകൾ നിലയിൽ നിന്ന് അലമാര തുറക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റാണ് 3 മരണം. കോയമ്പ്ത്തൂരിൽ വാട്ടർ ഹീറ്ററിൽ നിന്നു ഷോക്കേറ്റ് അമ്മയും മകളുമാണ് മരിച്ചത്.വാടക വീടു മാറുന്നതിനായി മുകൾ നിലയിൽ നിന്ന് അലമാര ഇറക്കുന്നതിനിടെയാണ് വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് ധർമപുരിയിൽ 3 പേർ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ തീവ്ര ചികിത്സാ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
മാർമ്പേട്ട് റോഡിലെ വീട്ടിൽ വാടകയ്ക്ക് താമസിച്ചു വന്ന ഇല്യാസ് (70), വീട്ടുടമ കുട്ടി എന്ന പച്ചയ്യപ്പൻ (50),വീട്ടുസാധനങ്ങൾ കൊണ്ടു പോകാനെത്തിയ വാൻ ഡ്രൈവർ ഗോപി(23)എന്നിവരാണ് മരിച്ചത്.ഡ്രൈവറുടെ സഹായി കുമാറാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ബാൽക്കണിയിലൂടെ വാനിലേക്കു കയറ്റാൻ ശ്രമിക്കുന്നതിനിടെ അലമാര വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.ഷോക്കേറ്റു തെറിച്ചു വീണ് മൂന്നുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
സംഭവത്തിൽ കേസെടുത്ത ധർമപുരി പോലീസ് അന്വേഷണം ആരംഭിച്ചു.കോയമ്പത്തൂർ തുടിയലൂരിനടുത്ത് വിശ്വനാഥപുരം മീനാക്ഷി ഗാർഡനിൽ താമസിക്കുന്ന കാർത്തിക (52), മകൾ അർച്ചന (18) എന്നിവരാണ് വാട്ടർ ഹീറ്ററിൽ നീന്നു വൈദ്യുതാഘാതമേറ്റ് മരിച്ചത്. സ്വകാര്യ കോളജിൽ ആദ്യ വർഷ വിദ്യാർഥിനിയായ അർച്ചന കുളിക്കാനായി കയറിയപ്പോൾ കുളിമുറിയിലെ വാട്ടർ ഹീറ്ററിൽ നിന്ന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.
മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ കാർത്തികയ്ക്കും വൈദ്യുതാഘാതമേറ്റു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.അർച്ചനയെ കോളജിലേക്കു കൊണ്ടുപോകാനായി എത്തിയ ടാക്സി ഡ്രൈവർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്ന് അയൽവാസികളുടെ സഹായത്തോടെ വീടുതുറന്ന് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവമറിഞ്ഞ് എത്തിയ കൂടിയലൂർ പൊലീസ് മൃതദേഹങ്ങൾ കോയമ്പത്തൂർ ഗവ. ആശുപത്രിയിലേക്കു മാറ്റി.സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.