ചെന്നൈ: മധുര എയിംസിന്റെ നിര്‍മ്മാണ പ്രവൃത്തി 95 ശതമാനം പൂര്‍ത്തിയായിയെന്ന ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ അവകാശവാദത്തെ തള്ളി കോണ്‍ഗ്രസ് എംപി മണിക്കം ടാഗോര്‍. താന്‍ മധുര എയിംസ് നിര്‍മ്മിക്കാന്‍ പോകുന്ന സ്ഥലം സന്ദര്‍ശിച്ചു എന്നും എന്നാല്‍ അവിടെ കെട്ടിടം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മധുര എംപി സു വെങ്കിടേഷനൊപ്പം എയിംസിനായുള്ള സ്ഥലം സന്ദര്‍ശിക്കുന്ന വിഡിയോയും മണിക്കം ടാഗോര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
‘പ്രിയപ്പെട്ട ജെ.പി നദ്ദജി, മധുര എയിംസിന്റെ 95 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയാക്കിയതിന് നന്ദി. എന്നാല്‍ എയിംസിനായുള്ള തോപ്പൂര്‍ സൈറ്റില്‍ ഒരുമണിക്കൂറോളം ഞാനും മധുര എംപിയും തിരച്ചില്‍ നടത്തി. ഒന്നും കണ്ടത്താനായില്ല. ആരോ കെട്ടിടം മോഷ്ടിച്ചിരിക്കുന്നു.’ – മണിക്കം പരിഹാസത്തോടെ ട്വീറ്റ് ചെയ്തു. ഇത്തരം വാസ്തവവിരുദ്ധമായ പ്രചരണം നടത്തിയതിലൂടെ തമിഴ് നാട്ടിലെ ജനങ്ങളെ വഞ്ചിക്കുകയാണ് നദ്ദ ചെയ്തതെന്ന് ആരോപിച്ചു.
എയിംസ് പദ്ധതിക്കായി 1,264 കോടി രൂപ അനുവദിച്ചതില്‍ സന്തോഷമുണ്ട്. എയിംസിന്റെ 95 ശതമാനം ജോലികളും പൂര്‍ത്തിയായെന്നും കഴിഞ്ഞ ദിവസം തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ നദ്ദ പറഞ്ഞിരുന്നു. ആശുപത്രിയില്‍ 750 കിടക്കകളും 250 ഐ.സി.യു കിടക്കകളുമുണ്ടാവുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി അധ്യക്ഷന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും രംഗത്തെത്തി.