Home Featured ഏഴാമത്തെ വിവാഹത്തിനിടെ യുവതിയെ കയ്യോടെ പിടികൂടി ആറാമത്തെ ഭര്‍ത്താവ്: വിവാഹതട്ടിപ്പ് നടത്തുന്ന യുവതി അറസ്‌റ്റില്‍

ഏഴാമത്തെ വിവാഹത്തിനിടെ യുവതിയെ കയ്യോടെ പിടികൂടി ആറാമത്തെ ഭര്‍ത്താവ്: വിവാഹതട്ടിപ്പ് നടത്തുന്ന യുവതി അറസ്‌റ്റില്‍

ചെന്നൈ: തമിഴ്‌നാട് മധുരയില്‍ വിവാഹതട്ടിപ്പ് നടത്തുന്ന യുവതിയെയും സംഘത്തെയും പൊലീസ് പിടികൂടി. ഏഴാമത്തെ വിവാഹത്തിനൊരുങ്ങുന്നതിനിടെ ആറാമത്തെ ഭര്‍ത്താവാണ് യുവതിയെ പിടികൂടിയത്. മധുര സ്വദേശിനി സന്ധ്യ(26) യാണ് പിടിയിലായത്.സെപ്‌റ്റംബര്‍ ഏഴിനാണ് നാമക്കല്‍ ജില്ലയിലെ കള്ളിപ്പാളയം സ്വദേശിയായ ധനപാലുമായി ആറാമത്തെ വിവാഹം നടന്നത്. സന്ധ്യയുടെ ഭാഗത്തുനിന്ന് കുറച്ച്‌ പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വധുവിന് വേണ്ടി ധനപാല്‍ ഒന്നര ലക്ഷം രൂപ ബ്രോക്കര്‍ ബാലമുരുകന് നല്‍കിയിരുന്നു.

എന്നാല്‍ ദിവസങ്ങള്‍ക്കകം സന്ധ്യയെ ധനപാലിന്‍റെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. വീട്ടില്‍ നിന്ന് ആഭരണങ്ങളും വിലകൂടിയ ഉത്‌പന്നങ്ങളും നഷ്‌ടപ്പെട്ടതായും കണ്ടെത്തി. സന്ധ്യയുടേയും ബന്ധുക്കളുടേയും ഫോണുകള്‍ സ്വിച്ച്‌ ഓഫ് ആക്കിയിരുന്നു. യാതൊരു വിവരവും ലഭിക്കാതെ വന്നപ്പോള്‍ ധനപാല്‍ പരമത്തി വെള്ളൂര്‍ പൊലീസില്‍ പരാതി നല്‍കി.

രണ്ട് ദിവസത്തിനുള്ളില്‍ മറ്റൊരു ബ്രോക്കര്‍ ധനലക്ഷ്‌മിയില്‍ നിന്നും സന്ധ്യയുടെ ഫോട്ടോ വെള്ളൂരില്‍ താമസിക്കുന്ന വ്യക്തിക്ക് വധുവിന്‍റേതെന്ന പേരില്‍ ലഭിച്ചു. ഇതറിഞ്ഞ ധനപാല്‍ അയാളുമായി ബന്ധപ്പെട്ട് സന്ധ്യയെ പിടികൂടാന്‍ പദ്ധതിയിടുകയായിരുന്നു. 22ന് തിരുച്ചെങ്കോട് വച്ചായിരുന്നു വെള്ളൂര്‍ സ്വദേശിയുമായുള്ള സന്ധ്യയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

ഇവിടെ വച്ച്‌ സന്ധ്യയേയും കൂടെ ഉണ്ടായിരുന്ന ബന്ധുക്കളായ അയ്യപ്പന്‍, ജയവേല്‍, ബ്രോക്കര്‍ ധനലക്ഷ്‌മി എന്നിവരേയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. സന്ധ്യ ഇതിനകം അഞ്ച് പേരുമായി വിവാഹിതയായി. ആറാമത്തേത് ധനപാലായിരുന്നു.പലയിടങ്ങളില്‍ നിന്നായി വിവാഹം ചെയ്‌ത് സ്വര്‍ണം ഉള്‍പ്പടെയുള്ള വില കൂടിയ വസ്‌തുക്കളുമായി രണ്ടു ദിവസത്തിനുള്ളില്‍ കടന്നു കളയുകയാണ് സംഘത്തിന്‍റെ പരിപാടി. കേസില്‍ അറസ്‌റ്റിലായ നാല് പേര്‍ക്ക് തടവ് ശിക്ഷ ലഭിച്ചു. കൂട്ടാളിയായ ബാലമുരുകന് വേണ്ടി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

You may also like

error: Content is protected !!
Join Our Whatsapp