ചെന്നൈ: 13കാരിയെ 100-ലധികം പേര് ബലാത്സംഗം ചെയ്യുകയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്ത സംഭവത്തില്‍ എട്ട് പേരെ പോക്സോ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
മാധ്യമപ്രവര്ത്തകന്, പൊലീസ് ഉദ്യോഗസ്ഥന്, ബി.ജെ.പി പ്രവര്ത്തകന് എന്നിവരുള്‍പ്പെടെ 13 പേര്‍ക്ക് 20 വര്‍ഷം വീതം തടവ് ശിക്ഷയും ലഭിച്ചു. കേസില്‍ 21 പ്രതികളാണുള്ളത്.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരില്‍ ഇരയുടെ രണ്ടാനച്ഛനും രണ്ടാനമ്മയും ഉള്‍പ്പെടുന്നു. സസ്പെന്‍ഷനിലായ, എന്നൂര് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ സി. പുഗലേന്തി, ബി.ജെ.പി പ്രവര്ത്തകന് ജി. രാജേന്ദ്രന്, ഒരു സ്വകാര്യ മാധ്യമ ചാനലിലെ മാധ്യമപ്രവര്ത്തകന് വിനോബാജി എന്നിവര്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
പോക്സോ കേസുകള്‍ കൈകാര്യം ചെയ്യാന്‍ രൂപവത്കരിച്ച പ്രത്യേക കോടതി സെപ്തംബര്‍ 15 ന് കേസിലെ 21 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
പ്രതികളുടെ ജയില്‍ ശിക്ഷക്ക് പുറമെ ഇരക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 21 പേര്‍ക്കെതിരെ ചുമത്തിയ പിഴത്തുകയായ രണ്ട് ലക്ഷം രൂപയും പെണ്‍കുട്ടിക്ക് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.
ഇരയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് 26 പേര്‍ക്കെതിരെ വാഷര്‍മെന്‍പേട്ടയിലെ വനിതാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 560 പേജിലധികം വരുന്ന കുറ്റപത്രം 2020 നവംബറില്‍ ഫയല്‍ ചെയ്തു.
26 പ്രതികളില്‍ നാല് പേര് ഒളിവില്‍ പോകുകയും ഒരാള്‍ കേസിന്റെ വിചാരണക്കിടെ മരിക്കുകയും ചെയ്തു. തുടര്‍ന്ന് കേസ് വിഭജിച്ച് ബാക്കി 21 പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് കേസ് നടത്തുകയായിരുന്നു.