ചെന്നൈ: കണ്ണൂർ തളിപ്പറമ്പ് റജിസ്ട്രേഷനുള്ള ചരക്കുലോറിയിൽ കടത്താൻ ശ്രമിച്ച പത്തു കോടി രൂപയുടെ കുഴൽപ്പണം വെല്ലൂരിൽ പിടികൂടി. രണ്ടു മലയാളികളടക്കം നാലുപേർ അറസ്റ്റിലായി. ലോറിയുമായെത്തിയ കോഴിക്കോട് സ്വദേശികളായ എം .ഷറഫുദ്ദീൻ (37), നാസർ (42), പണവുമായെത്തിയ ചെന്നൈ സ്വദേശികളായ നിസാർ അഹമ്മദ്, ഇയാളുടെ ഡ്രൈവർ വസി അകം എന്നിവരാണ് അറസ്റ്റിലായത്.ചെന്നൈ സേലം ദേശീയപാതയിൽ വെല്ലൂർ ജില്ലയിലെ ഗോവിന്ദൻ പാടി ടോൾ ബൂത്തിനു സമീപം വ്യാഴാഴ്ച രാത്രിയാണു പണം പിടികൂടിയത്.
പോപ്പുലർ ഫ്രണ്ട് നിരോധനത്തെ തുടർന്നു ജാഗ്രതയുടെ ഭാഗമായി രാത്രികാല പരിശോധന യിലായിരുന്ന പള്ളിക്കോണ്ട പൊലീസാണു സംശയാസ്പദമായ സാഹചര്യത്തിൽ വാഹനങ്ങൾ കണ്ടത്.ടോൾ ബൂത്തിനു സമീപം കാറിൽ നിന്നു ലോറിയിലേക്കു ചരക്കു കയറ്റുന്നതുകണ്ടു പൊലീസ് പരിശോധിക്കുകയായിരുന്നു. കടലാസ് പെട്ടികളിലാക്കി പ്ലാസ്റ്റിക് കവറുകൊണ്ടു പൊതിഞ്ഞ നിലയിലായിരുന്നു പണം.
48 ചെറു പാക്കറ്റുകളാക്കിയ നിലയിൽ 10 കോടി രൂപയാണുണ്ടായിരുന്നത്. പണത്തിനു രേഖകളുണ്ടായിരുന്നില്ല.ദുബായിലുള്ള റിയാസ് എന്നയാളുടെ നിർദേശപ്രകാരമാണ് പണം ലോറിയിൽ കയറ്റി അയച്ചതെന്നാണു മൊഴി. പണത്തിൽ കുറച്ചുഭാഗം കോയമ്പത്തൂരിലും ബാക്കി കോഴിക്കോടും ആളുകളെത്തി കൈപ്പറ്റുമെന്നാണു റിയാസ് അറിയിച്ചിരുന്നതെന്നും നിസാർ അഹമ്മദ് മൊഴി നൽകിയിട്ടുണ്ട്. ഇത്രയും പണം എവിടെ നിന്നു ലഭിച്ചുവെന്നും എന്തിനാണു കേരളത്തിലേക്കു കടത്തുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.