ചെന്നൈ: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ചെന്നൈയിലുള്ള ഓഫീസ് സീല്‍ വെച്ച് പൂട്ടി തമിഴ്‌നാട് പോലീസ്. പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി വി. ഇറയ് അന്‍പ് പുറത്തുവിട്ട ഉത്തരവ് പ്രകാരമാണ് തമിഴ്‌നാട് പോലീസിന്റെ നീക്കം.
പോലീസ് ഉദ്യോഗസ്ഥരുടെയും ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതരുടെയും സാന്നിധ്യത്തിലായിരുന്നു നടപടി. ഓഫീസ് വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറുകയും പിന്നീട് സീല്‍ വെച്ച് പൂട്ടുകയുമായിരുന്നു. ഓഫീസില്‍ സൂക്ഷിച്ചിരുന്ന രേഖകളും ബില്ലുകളും പോലീസ് പരിശോധനയ്‌ക്കായി ശേഖരിച്ചു. തുടര്‍ന്ന് ചെന്നൈയിലെ പുരസൈവാക്കത്ത് സ്ഥിതിചെയ്യുന്ന ഓഫീസ് പൂട്ടി.
കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിന്റെ സഹകരണത്തോടെ പ്രവര്‍ത്തിച്ചിരുന്ന മദ്രസ വഡോദര പോലീസും ഗുജറാത്തിലെ തീവ്രവാദ വിരുദ്ധസേനയും ചേര്‍ന്ന് പൂട്ടിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ അനുബന്ധ സംഘടനയായ ഓള്‍ ഇന്ത്യ ഇമാം കൗണ്‍സിലാണ് മദ്രസ നടത്തിയിരുന്നത്. ഇത് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്.
പോപ്പുലര്‍ ഫ്രണ്ടിനോടൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്) ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാമ്ബസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ (എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്‌ആര്‍ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവയും നിരോധിച്ച സംഘടനകളില്‍ ഉള്‍പ്പെടുന്നു.