ചെന്നൈ: തമിഴ്‌നാട്ടില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം പ്രാബല്യത്തില്‍ വന്നു. നിരോധിത ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നവര്‍ക്ക് 3 മാസം വരെ തടവോ 5000 രൂപ പിഴയോ ശിക്ഷ ലഭിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.ഇവ നടത്തുന്നവര്‍ക്ക് 3 വര്‍ഷം വരെ തടവോ 10 ലക്ഷം രൂപ പിഴയോ ശിക്ഷ ലഭിക്കും. ഓണ്‍ലൈന്‍ ഗെയിം പ്രോത്സാഹിപ്പിക്കുന്ന പരസ്യം പാടില്ല. പരസ്യം ചെയ്താല്‍ ഒരു വര്‍ഷം തടവോ 5 ലക്ഷം രൂപ പിഴയോ ലഭിക്കും.
നിരോധിത ഓണ്‍ലൈന്‍ ഗെയിമുകളുടെ പട്ടിക പ്രസിദ്ധീകരിക്കും. ഓണ്‍ലൈന്‍ റമ്മി, പോക്കര്‍ എന്നിങ്ങനെയുള്ള ഗെയിമുകളില്‍ പണമോ വെര്‍ച്വല്‍ പണം ഉള്‍പ്പെടെ, പണത്തിന് തുല്യമായി അംഗീകരിക്കപ്പെട്ട എന്തും ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നതിനു നിരോധനമുണ്ട്. നിരോധിത ഗെയിമുകള്‍ക്കുള്ള പണമിടപാടുകള്‍ക്ക് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും പേയ്മെന്റ് ഗേറ്റ്‌വേ ദാതാക്കള്‍ക്കു വിലക്കുണ്ട്. വിദേശ ഓണ്‍ലൈന്‍ ഗെയിം ദാതാതാക്കള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്.
നിരോധനം നടപ്പാക്കുന്നതിന് തമിഴ്‌നാട് ഓണ്‍ലൈന്‍ ഗെയിമിങ് അഥോറിറ്റി രൂപീകരിച്ചു. ചീഫ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ ഇതിന്റെ അധ്യക്ഷനാകും. പ്രാദേശിക ഓണ്‍ലൈന്‍ ഗെയിം ഓപ്പറേറ്റര്‍മാര്‍ക്കായി 3 വര്‍ഷം കാലാവധിയുള്ള റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് അഥോറിറ്റിയാണ്. അഥോറിറ്റി ചുമത്തിയ ശിക്ഷ കോടതിക്ക് സ്റ്റേ ചെയ്യാനാകില്ലെന്നും വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അപ്പീല്‍ കമ്മിഷന്‍ രൂപീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. നിയമം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഗെയിമിങ് ഫെഡറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തില്‍ നിയമഭേദഗതി പരിഗണനയില്‍
കേരളത്തില്‍ ഓണ്‍ലൈന്‍ റമ്മി നിയന്ത്രിക്കാനായി 1960 ലെ കേരള ഗെയിമിങ് ആക്ടിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള നീക്കം പരിഗണനയില്‍. ഓണ്‍ലൈന്‍ റമ്മി കളിക്കുന്നതിനു നിലവില്‍ നിരോധനമില്ലെങ്കിലും പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടപടി എടുക്കാറുണ്ട്. ഓണ്‍ലൈന്‍ റമ്മി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിരോധിച്ചിരുന്നെങ്കിലും നടത്തിപ്പുകാരായ കമ്ബനികള്‍ ചോദ്യം ചെയ്തതോടെ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ചൂതാട്ടത്തില്‍ ലക്ഷങ്ങള്‍ നഷ്ടമായവരില്‍ ചിലര്‍ ജീവനൊടുക്കിയ സാഹചര്യത്തിലാണു നിരോധനത്തിനു വീണ്ടും സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓണ്‍ലൈന്‍ റമ്മി നിരോധനം സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നല്‍കിയ ശുപാര്‍ശ ആഭ്യന്തര വകുപ്പു നിയമ വകുപ്പിനു കൈമാറിയപ്പോള്‍ നിയമഭേദഗതിയുമായി മുന്നോട്ടുപോകാമെന്നായിരുന്നു മറുപടി. പണംവച്ചുള്ള റമ്മികളി നിയന്ത്രിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശ.