ചെന്നൈ: നഗരത്തിലെ കന്നുകാലി ശല്യം കുറക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ (ജി.സി.സി). ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ 5000 കന്നുകാലികളെയാണ് പിടികൂടിയതെന്ന് ജി.സി.സി അറിയിച്ചു. പിടിച്ച കന്നുകാലികളെ ഉടമകള്‍ക്ക് പിഴ ചുമത്തി തിരികെ നല്‍കും. കന്നുകാലികളെ ആവശ്യപ്പെട്ട് എത്തുന്നവര്‍ സത്യവാങ്മൂലം എഴുതി ഒപ്പുവെക്കുകയും അത് ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടറോ ഹെല്‍ത്ത് ഇന്‍സ്പെക്ടറോ അംഗീകരിക്കുകയും വേണം.
നഗരങ്ങളില്‍ അലഞ്ഞു നടക്കുന്ന കന്നുകാലികളെക്കൊണ്ട് പൊതുജനങ്ങള്‍ക്കും ഗതാഗതത്തിനും പ്രയാസമുണ്ടാകുന്നുണ്ട്. ഇത് ശ്രദ്ധയില്‍ പെട്ടതിനാലാണ് പൊലീസ് ഉദ്യോഗസ്ഥരും സോണല്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് കന്നുകാലികളെ പിടികൂടി പെരമ്ബൂരിലെയും പുതുക്കോട്ടിലെയും കോര്‍പറേഷന് കീഴിലുള്ള ഷെഡുകളിലേക്ക് മാറ്റിയത്.
ഒക്ടോബര്‍ ഒന്ന് മുതല്‍ പിഴ 1550ല്‍ നിന്ന് 2000 രൂപയാക്കി വര്‍ധിപ്പിച്ചതായും കൃത്യസമയത്ത് കന്നുകാലികളെ കൈപ്പറ്റിയില്ലെങ്കില്‍ 200 രൂപ പരിപാലന ചെലവായി ചേര്‍ക്കുമെന്നും ജി.സി.സി പറഞ്ഞു. രണ്ടുതവണയില്‍ കൂടുതല്‍ ഇത് ആവര്‍ത്തിക്കുകയാണെങ്കില്‍ കന്നുകാലികളെ ചെന്നൈയിലെ മൃഗക്ഷേമ ചാരിറ്റിയായ ബ്ലൂ ക്രോസ് ഓഫ് ഇന്ത്യയിലേക്ക് കൈമാറുമെന്നും ജി.സി.സി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2020ല്‍ 344 കന്നുകാലികളെ പിടികൂടിയപ്പോള്‍ 2022ല്‍ അത് 1259 ആയി ഉയര്‍ന്നു. രണ്ട് വര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ച് വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്ന് ജി.സി.സി റിപ്പോര്‍ട്ടുകള്‍ പറയുന്നു.