ചെന്നൈ : വംശനാശ ഭീഷണി നേരിടുന്ന കുട്ടിത്തേവാങ്കുകളെ സംരക്ഷിക്കാനുള്ള ഇന്ത്യയിലെ ആദ്യ വന്യസങ്കേതം തമിഴ്നാട്ടിൽ വരുന്നു.കുട്ടിത്തേവാങ്കുകളുടെ പ്രധാന ആവാസകേന്ദ്രങ്ങളായി കണ്ടത്തിയ കരൂർ, ഡിണ്ടിഗൽ ജില്ലകളിലായി 11,806 ഹെക്ടർ വനമേഖലയിലാണു സങ്കേതം ഒരുങ്ങുക.
ഇതിലൂടെ മികച്ച ആവാസവ്യവസ്ഥയും സംരക്ഷണവും ഉറപ്പാക്കാനാകുമെന്നാണു പ്രതീക്ഷ.ബംഗാൾ ഉൾക്കടലിൽ കടൽപശു സംരക്ഷണ കേന്ദ്രം, അഗത്തിയാർ മല ആന സങ്കേതം, പക്ഷി സങ്കേതങ്ങൾ, തണ്ണീർത്തട സംരക്ഷണം തുടങ്ങി ഡിഎംകെ സർക്കാർ നടപ്പാക്കുന്ന ഒട്ടേറെ പരിസ്ഥിതി പദ്ധതികളുടെ തുടർച്ചയാണിതും.