പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരുന്ന ട്രെയിനുമുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി.
നഗരത്തിലെ സ്വകാര്യ കോളജ് രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായ സത്യ(20)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ആദംപക്കം സ്വദേശിയായ പ്രതി സതീശ് (23) സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞു. ഏറെ നാളായി യുവാവ് സത്യയുടെ പിന്നാലെയായിരുന്നു. ഇന്നലെ കോളജില്‍നിന്നു വീട്ടിലേക്കു മടങ്ങാനായി സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലെത്തിയ യുവതിയെ സതീശ് തടഞ്ഞുനിര്‍ത്തി.
പ്രണയം അറിയിച്ചെങ്കിലും യുവതി എതിര്‍ത്തു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. ഇതില്‍ പ്രകോപിതനായ യുവാവ് സ്റ്റേഷനിലേക്കു വരുകയായിരുന്ന ട്രെയിന്റെ മുന്നിലേക്ക് പെണ്‍കുട്ടിയെ തള്ളിയിടുകയായിരുന്നു. സംഭവം കണ്ട് ഞെട്ടിത്തരിച്ചു നിന്ന യാത്രക്കാര്‍ പ്രതികരിക്കുന്നതിനു മുമ്ബ് സത്യയുടെ ശിരസ് ട്രാക്കില്‍ ചിന്നിച്ചിതറി. റെയില്‍വേ പോലീസ് എത്തുന്നതിനു മുമ്ബ് തന്നെ പ്രതി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.