ചെന്നൈ : വൈദ്യുതി ഉപയോക്താക്കൾക്ക് സബ്സിഡി ലഭിക്കുന്നതിന് കൺസ്യൂമർ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സർക്കാർ ഉത്തരവ്. ആദ്യ 100 യൂണിറ്റ് വരെയുള്ള സൗജന്യമടക്കം എല്ലാ തരം സബ്സിഡികളും ലഭിക്കണമെങ്കിൽ ആധാറുമായി നിർബന്ധമായും ബന്ധിപ്പിക്കണം. വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട തട്ടിപ്പും ക്രമക്കേടും തടയുക ലക്ഷ്യമിട്ടാണ് ഉത്തരവ്.
ആധാർ ഇല്ലാത്തവർക്ക് തുടർന്നും സബ്സിഡി ലഭിക്കണമെങ്കിൽ ആധാർ എൻറോൾമെന്റിന് അപേക്ഷിക്കണം. ആധാർ നമ്പർ ലഭിക്കുന്നതു വരെ എൻറോൾമെന്റ് രേഖയോ എൻറോൾമെന്റിന് അപേക്ഷിച്ച രേഖയോ അംഗീകൃത തിരിച്ചറിയൽ രേഖയോ സഹിതം അപേക്ഷിച്ചാൽ സബ്സിഡി ലഭിക്കും.
ആധാറും കൺസ്യൂമർ നമ്പറും ബന്ധിപ്പിക്കേണ്ടത് ആരൊക്കെയെന്ന വിവരങ്ങൾ ചുവടെ.
•ആദ്യ 100 യൂണിറ്റ് വരെ സൗജന്യമായി ഉപയോഗിക്കുന്നവർ. മാസം 500 യൂണിറ്റിൽ താഴെ ഉപയോഗിക്കുകയും 100-200 യൂണിറ്റിന് നിരക്കിളവു നേടുകയും ചെയ്യുന്നവർ.സൗജന്യ വൈദ്യുതിയുള്ള കുടിലിൽ താമസിക്കുന്നവർ.
•കൃഷി ആവശ്യങ്ങൾക്ക് സൗജന്യ വൈദ്യുതി
• ദ്വൈമാസം 120 യൂണിറ്റ് വരെ നിരക്കിളവ് നേടുന്ന ആരാധനാലയങ്ങൾ.
• ദ്വൈമാസം 200 യൂണിറ്റ് വരെ സൗജന്യമുള്ള കൈത്തറി ഉപയോക്താക്കൾ.