ചെന്നൈ: താര ദമ്ബതികളായ നയന്‍താരയുടേയും വിഘ്നേഷ് ശിവന്റേയും ഇരട്ടക്കുട്ടികളെ കുറിച്ചുള്ള വിവാദം പുകയുന്നു.
കഴിഞ്ഞ ദിവസമാണ് ഇരുവരും തങ്ങള്‍ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായി എന്ന വാര്‍ത്ത പങ്കുവെച്ചത്. പിന്നാലെ നടി നയന്‍താരയുടെ വാടക ഗര്‍ഭധാരണം സംബന്ധിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ് അന്വേഷണവും ആരംഭിച്ചു. നിയമലംഘനം പരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ട് ദിവസങ്ങള്‍ക്ക് ശേഷം സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന്. നടി വാടക ഗര്‍ഭധാരണം നടത്തിയ ആശുപത്രി തിരിച്ചറിഞ്ഞതായി ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യന് പറഞ്ഞു.
വാടക ഗര്‍ഭധാരണം നടത്തിയ ആശുപത്രി കണ്ടെത്തി. ഉടന്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് പുറത്തുവരും. വാടക ഗര്‍ഭധാരണം നിയമപരമാണോ എന്നും എല്ലാ നിയമങ്ങളും പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്താന്‍ ഒരു പാനലിനെ നിയോഗിച്ചിട്ടുണ്ട്. ഒരു ജെഡി, രണ്ട് പീഡിയാട്രിക് ഡോക്ടര്‍മാര്‍, ഒരു ഓഫീസ് സ്റ്റാഫ് അംഗം എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു പാനല്‍ അന്വേഷണ ടീമിന്റെ ഭാഗമാണ്. അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി എം.സുബ്രഹ്മണ്യന് പറഞ്ഞു.
വാടകഗര്‍ഭധാരണ നിയന്ത്രണ നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചല്ല വാടക ഗര്‍ഭധാരണത്തിലൂടെ നയന്‍താര അമ്മയായതെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. നയന്‍താരയുടെ ഒരു ബന്ധുവാണ് ഇവര്‍ക്ക് വേണ്ടി വാടകഗര്‍ഭധാരണത്തിന് തയ്യാറായതെന്ന് സൂചനയുണ്ട്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലായിരുന്നു നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരായത്.