ചെന്നൈ: 13കാരിയെ വിവാഹം കഴിപ്പിച്ച കേസില്‍ രണ്ട് ക്ഷേത്ര പൂജാരിമാര്‍ അറസ്റ്റിലായി.കടലൂര്‍ ചിദംബരം നടരാജ ക്ഷേത്രത്തിലെ പൂജാരിമാരാണ് അറസ്റ്റിലായത്. പൂജാരിമാരുടെ സെക്രട്ടറി ഹേമസബേശ ദീക്ഷിതര്‍, വിജയബാല ദീക്ഷിതര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹേമസബേശ ദീക്ഷിതര്‍ എന്നയാളുടെ മകളെ, വിജയബാല ദീക്ഷിതരുടെ മകന് ജ്ഞാനശേഖരനാണ് വിവാഹം കഴിപ്പിച്ച് നല്‍കിയത്. കേസില്‍, ജ്ഞാനശേഖരന് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
2021 ജനുവരിയിലാണ് സംഭവം നടന്നത്. അന്ന് 17 വയസ്സായിരുന്നു ജ്ഞാനശേഖരന് പ്രായം. സാമൂഹികക്ഷേമ വകുപ്പ് അധികൃതരാണ് സംഭവത്തില്‍ കടലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിനായി ക്ഷേത്ര പരിസരത്തെത്തിയ പൊലീസിനെതിരെ ദീക്ഷിതര്‍ സമുദായക്കാര്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പിന്നീട് പിന്‍വാങ്ങി.
നേരത്തെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ക്ഷേത്രത്തിലെ 23കാരനായ പൂജാരി അറസ്റ്റിലായിരുന്നു.