Home Featured ‘ജയലളിതയുടെ ചികിത്സയില്‍ ഇടപെട്ടിട്ടില്ല: ഏത് അന്വേഷണവും നേരിടാന്‍ തയാര്‍’;ശശികല

‘ജയലളിതയുടെ ചികിത്സയില്‍ ഇടപെട്ടിട്ടില്ല: ഏത് അന്വേഷണവും നേരിടാന്‍ തയാര്‍’;ശശികല

by jameema shabeer

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ചികിത്സ വൈകിപ്പിച്ചെന്ന ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ച്‌ അണ്ണാഡിഎംകെ മുന്‍ നേതാവ് വി.കെ.ശശികല.

ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം ആവശ്യമില്ലായിരുന്നുവെന്നും ചികിത്സയില്‍ ഇടപെട്ടിട്ടില്ലെന്നുമാണ് ശശികല നല്‍കുന്ന വിശദീകരണം.

ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയക്ക് വിദഗ്ധ ഡോകടര്‍ നിര്‍ദേശം നല്‍കിയെങ്കിലും ശശികല ഇടപെട്ട് തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ജയലളിതയുടെ മരണത്തില്‍ കുറ്റക്കാരിയാണെന്ന കമ്മിഷന്‍ റിപ്പോര്‍ട്ട് ശശികല തള്ളി.

ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും മൂന്നു പേജുള്ള പ്രസ്താവനയില്‍ ശശികല വ്യക്തമാക്കി. താനും ജയലളിതയും സൗഹൃദത്തിന്റെ മാതൃകയായിരുന്നുവെന്നും തങ്ങളെ വേര്‍പെടുത്താന്‍ പല ശ്രമങ്ങളും നടന്നിരുന്നതായും ശശികല പറഞ്ഞു.

”ജയലളിതയെ രാഷ്ട്രീയമായി നേരിടാന്‍ ധൈര്യമില്ലാത്തവരുടെയും മരണത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് നോക്കിനില്‍ക്കുന്നവരുടെയും നീചമായ നിലപാടിനെ ഇനി ആരും പിന്തുണക്കില്ല. അമ്മ(ജയലളിത)യുടെ മരണത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ജയലളിതയുടെ ചികിത്സയില്‍ ഇടപെട്ടിട്ടില്ല. ഈ കാര്യത്തില്‍ അഭിപ്രായം പറയാന്‍ ഞാന്‍ മെഡിസിന്‍ പഠിച്ചിട്ടില്ല.

ചികിത്സാ സംബന്ധമായ എല്ലാ നടപടികളും സ്വീകരിച്ചത് മെഡിക്കല്‍ സംഘമാണ്. അമ്മയ്ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നതു മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. വിദേശത്തു കൊണ്ടുപോയി ചികിത്സിക്കുന്നതിനും ഞാന്‍ തടസ്സം നിന്നിട്ടില്ല.’ ശശികല പറഞ്ഞു.

ജയലളിതയുടെ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രി തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആശുപത്രിയാണതെന്നാണ് ശശികല നല്‍കിയ വിശദീകരണം.അവിടെയുള്ളത് ലോകനിലവാരമുള്ള ഡോക്ടര്‍മാരാണ്.

അവിടെയാണ് ജയലളിത നേരത്തെയും ചികിത്സ തേടിയത്.എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ അടക്കമുള്ളവരുടെ നിര്‍ദേശമനുസരിച്ചാണ് ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം വേണ്ടെന്നു തീരുമാനിച്ചതെന്നും ശശികല വിശദീകരിച്ചു.

ജയലളിതയുടെ മരണത്തില്‍ വി.കെ.ശശികല അടക്കം 4 പേര്‍ കുറ്റക്കാരാണെന്നും ഇതില്‍ അന്വേഷണം വേണമെന്നുമാണ് ജസ്റ്റിസ് അറുമുഖസാമി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട്. അന്നത്തെ ആരോഗ്യമന്ത്രി സി.വിജയഭാസ്‌കര്‍, ശശികലയുടെ ബന്ധു കൂടിയായ ഡോ. കെ.എസ്.ശിവകുമാര്‍, ആരോഗ്യ സെക്രട്ടറിയായിരുന്ന ഡോ. ജെ.രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റ് 3 പേര്‍.

ചികിത്സാ നടപടിക്ക് വേണ്ടി സര്‍ക്കാരിനെ അറിയിക്കാതെ 21 രേഖകളില്‍ ഒപ്പ് വെച്ച അന്നത്തെ ചീഫ് സെക്രട്ടറി രാമമോഹന റാവുവിനെതിരെ ക്രിമിനല്‍ നടപടി ശുപാര്‍ശ ചെയ്തു. മറ്റു 2 ഡോക്ടര്‍മാര്‍ക്കെതിരെയും അന്വേഷണത്തിനു ശുപാര്‍ശ ചെയ്തിട്ടുണ്ട്.

2017 ഓഗസ്റ്റില്‍ അണ്ണാ ഡിഎംകെ സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് ഇന്നലെയാണ് തമിഴ്‌നാട് നിയമസഭയില്‍ സമര്‍പ്പിച്ചത്.2016 സെപ്റ്റംബര്‍ 22നാണ്
ആരോഗ്യ നില മോശമായ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഡിസംബര്‍ 5 ന് രാത്രി 11.30ന് ജയലളിത മരണപ്പെട്ട വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചു.എന്നാല്‍, തെളിവുകളനുസരിച്ച്‌ തലേ ദിവസം ഉച്ചയ്ക്ക ശേഷം മൂന്നിനും മൂന്നരയ്ക്കുമിടയ്ക്കു മരണം സംഭവിച്ചിരിക്കാമെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസില്‍ നിന്നെത്തിയ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ നവംബര്‍ 25ന് ആശുപത്രിയില്‍ ജയലളിതയെ പരിശോധിച്ചിരുന്നു. ഹൃദയ ശസ്ത്രക്രിയ വേണമെന്ന് അദ്ദേഹം നിര്‍ദേശിച്ചപ്പോള്‍ ജയ അത് അംഗീകരിക്കുകയും ചെയ്തു.

എന്നാല്‍, പിന്നീട് യുകെയില്‍ നിന്ന് മറ്റൊരു വിദഗ്ധനെത്തി പരിശോധിച്ച്‌ ശസ്ത്രക്രിയ ആവശ്യമില്ലെന്നു നിര്‍ദേശം നല്‍കുകയുമായിരുന്നു. ഈ ഇടപെടല്‍ സംശയാസ്പദമാണെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് 2012ല്‍ പാര്‍ട്ടിയില്‍ നിന്നും ജയയുടെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ നിന്നും ശശികലയെ പുറത്താക്കിയിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp