ദീപാവലി പ്രമാണിച്ചു ചെന്നൈയിൽ 18,000 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിക്കുമെന്നു സിറ്റി പൊലീസ് അറിയിച്ചു. പുരുഷവാക്കം, ടി നഗർ, ഫ്ലവർ ബസാർ, വാഷർമാൻ പെട്ട് എന്നിവിടങ്ങളിൽ ശക്തമായ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി. നഗരത്തിൽ 16 താൽക്കാലിക സുരക്ഷാ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ബൈനോക്കുലറിലൂടെ നിരീക്ഷണം നടത്തും.
ടി നഗറിൽ ആറിടങ്ങളിൽ ക്യാമറകളും മുഖം തിരിച്ചറിയൽ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. തിരക്കിനിടയിൽ കുറ്റവാളികളെ കണ്ടെത്താൻ ഇതു സഹായിക്കും. ടി നഗറിലെ നാലിടങ്ങളിൽ ആരംഭിച്ച കൺട്രോൾ റൂമുകളിലെ സിസിടിവി ക്യാമറകൾ വഴി ശക്തമായ നിരീക്ഷണം നടത്തും.
വാടി പച്ചക്കറി വിപണി
ദീപാവലി ആഘോഷത്തിന്റെ തിരക്ക് പച്ചക്കറി വിപണിയെ ഇതുവരെ കാര്യമായി ഉണർത്തിയിട്ടില്ല. കച്ചവടം കുറയുന്നതിനു പല കാരണങ്ങളുണ്ടെന്നു കോയമ്പേട് പച്ചക്കറി കച്ചവടം നടത്തുന്ന പ്രദീപ് പറയുന്നു. എല്ലാറ്റിനും വില വർധിച്ചതിനാൽ കൂടുതൽ ചെലവാക്കാൻ ജനങ്ങൾ മടിക്കുന്നുണ്ടാകാം.
4 ദിവസം തുടർച്ചയായി അവധി ലഭിച്ചതിനാൽ ഏറെ പേർ നാട്ടിലേക്കു പോകാനും മറ്റു ചിലർ വിനോദ യാത്രകൾക്കു പോകാനും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ടു വർഷവും കോ lവിഡ് ആയതിനാൽ കാര്യമായ കച്ചവടം ഉണ്ടായിരുന്നില്ല. ഇന്നും നാളെയും നിർണായകമാണെന്നും ഈ ദിവസങ്ങളിൽ തള്ളിക്കയറ്റമുണ്ടങ്കിൽ കച്ചവടം മെച്ചപ്പെടുമെന്നും പ്രദീപ് പറഞ്ഞു.