ചെന്നൈ: പ്രസവവേദനയില്‍ യുവതിക്ക് ആശ്വാസമായി പോലീസ് ഇടപെടല്‍. പോലീസിന്റെ സഹായത്തോടെ 29 കാരിയായ യുവതി പ്രസവിച്ചു.
തമിഴ്നാട്ടിലെ റാണിപേട്ട് ജില്ലയില്‍ ആരക്കോണം റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. മംഗലാപുരത്ത് നിന്ന് എക്‌സ്പ്രസ് ട്രെയിനില്‍ ചെന്നൈയിലേക്ക് പോവുകയായിരുന്ന യുവതിയാണ് പോലീസ് സഹായത്തോടെ പ്രസവിച്ചത്. തിരുപ്പത്തൂരില്‍ നിന്ന് ട്രെയിനില്‍ കയറിയ ചാന്ദിനി എന്ന യുവതിക്ക് യാത്രയിലുടനീളം പ്രസവ വേദന അനുഭവപ്പെട്ടിരുന്നു.
യുവതിക്ക് പ്രസവ വേദന കടുത്തതോടെ അവളുടെ വീട്ടുകാര്‍ ടിടിഇ-യെ വിവരമറിയിച്ചു. തുടര്‍ന്ന് ആരക്കോണം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി ഇറക്കിയ ശേഷം പോലീസിനെ അറിയിക്കുകയായിരുന്നു. റെയില്‍വേ ജീവനക്കാര്‍ യുവതിയെ പാസഞ്ചര്‍ കാത്തിരിപ്പ് കേന്ദ്രത്തിലെത്തിക്കുകയും ഡോക്ടറെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ വരുന്നതിന് മുമ്ബ് പരമേശ്വരി എന്ന വനിതാ ഹെഡ് കോണ്‍സ്റ്റബിളിന്റെ സഹായത്തോടെ ചാന്ദിനി ഒരു കുഞ്ഞിന് ജന്മം നല്‍കി.
ട്രെയിനില്‍ നിന്നും ഇറങ്ങിയ ശേഷം പത്തു മിനിറ്റിനുള്ളില്‍ തന്നെ യുവതി പ്രസവിക്കുകയായിരുന്നു. കൃത്യമായി ഇടപെടല്‍ നടത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ പരമേശ്വരി അഭിന്ദനം അര്‍ഹിക്കുന്നുവെന്ന് ആരക്കോണം പോലീസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പരമേശ്വരി കുഞ്ഞിനെ സുരക്ഷിതമായി പ്രസവിക്കാന്‍ യുവതിയെ സഹായിച്ചു. പിന്നാലെ ഡോക്ടര്‍ എത്തി ആവശ്യമായ ചികിത്സ നല്‍കി. കുട്ടിയും അമ്മയും സുരക്ഷിതരായിരിക്കുന്നുവെന്നും ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.