ചെന്നൈ : പഴയ ടിക്കറ്റുമായി വിമാന യാത്രയ്ക്കെത്തിയ ആന്ധ്ര സ്വദേശിയെ അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് ചിറ്റൂർ സ്വദേശിയായ രാമൻ എന്നയാളാണ് ചെന്നൈ വിമാനത്താവളത്തിൽ പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച ഇയാൾ കുവൈത്തിലേക്ക് യാത്ര ചെയ്തിരുന്നു. എന്നാൽ ഇയാളുടെ ഇമിഗ്രേഷൻ രേഖകൾ വ്യാജമാണെന്ന് കണ്ടത്തിയതിനെ തുടർന്ന് കുവൈത്ത് അധികൃതർ ഇയാളെ തിരിച്ചയച്ചതായി പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച തിരിച്ചെത്തിയ ഇയാൾക്ക് ഇമിഗ്രേഷൻ അധികൃതർ താക്കീതു നൽകിയിരുന്നു. എന്നാൽ വൈകിട്ടോടെ വീണ്ടും വിമാനത്താവളത്തിലെത്തിയ രാമൻ പഴയ ടിക്കറ്റുമായി എയർ ഇന്ത്യ കൗണ്ടറിലെത്തി ബോർഡിങ് പാസ് ആവശ്യപ്പെടുകയായിരുന്നു.പഴയ ടിക്കറ്റിൽ ബോർഡിങ് പാസ് നൽകാനാകില്ലെന്നും മറ്റൊരു രാജ്യത്തു നിന്ന് തിരിച്ചയ്ക്കപ്പെട്ട യാത്രക്കാരന് ഉടൻ തന്നെ വീണ്ടും അതേ രാജ്യത്തെ യാത്ര ചെയ്യാനാകില്ലെന്നും ജീവനക്കാർ അറിയിച്ചതോടെ ബഹളം വയ്ക്കാനാരംഭിച്ച ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.