ചെന്നൈ : കഴിഞ്ഞ 30 വർഷത്തിനിടെ വന്യമൃഗങ്ങളിൽ നിന്നു 30 പുതിയ അണുബാധകൾ മനുഷ്യരിലേക്കു പടർന്നതായി തമിഴ്നാട് ആരോഗ്യ വകുപ്പ് മദ്രാസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ജനസംഖ്യാ വർധന, നഗരവൽക്കരണം, നഗരങ്ങളിലേക്കുള്ള ആളുകളുടെ കുടിയേറ്റം, വന നശീകരണം ഉൾപ്പെടെയുള്ളവയാണ് ഇതിനു കാരണമെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ കാരണമാണു രോഗങ്ങൾ വ്യാപകമാകുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡിനു ശേഷം ഇൻ ഫ്ലുവൻസ, മങ്കി പോക്സ് അടക്ക മുള്ളവ പടരാൻ കാരണമെന്തെന്നതു സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നുള്ള ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോർട്ട് സമർപ്പിച്ചത്.
സർക്കാർ ആശുപത്രികളിൽ കോടിക്കണക്കിനു രൂപ മുടക്കി വാങ്ങിയ മരുന്നുകളുടെ കാലാവധി തീരാൻ അനുവദിക്കരുതെന്നും ആവശ്യമുള്ള മറ്റ് ആശുപത്രികളിലേക്കു കൈമാറണമെന്നും നിർദേശിച്ച കോടതി സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്യുന്നത് തടയുന്നത് സംബന്ധിച്ചു സ്വീകരിച്ച നടപടികളെക്കുറിച്ചു റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.
കാലഹരണപ്പെട്ട മരുന്നുകൾ ബന്ധപ്പെട്ട ഫാർമസ്യൂട്ടിക്കൽ കമ്പനികൾ തിരിച്ചെടുക്കണമെന്നും കാലഹരണപ്പെട്ട മരുന്നുകളുടെ വിതരണത്തെക്കുറിച്ചു പരാതിപ്പെടാൻ സൗകര്യം ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു. ചികിത്സ തേടിയെത്തുന്ന രോഗികളെ സ്വകാര്യ ക്ലിനിക്കുകളിലേക്കു പറഞ്ഞയയ്ക്കുന്നതു തടയണമെന്നും തനിക്കുണ്ടായ അനുഭവം കൂടി പങ്കുവച്ച് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യം പറഞ്ഞു.