ചെന്നൈ : വിവിധ ജില്ലകളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ പച്ചക്കറി വില കുത്തനെ ഉയര്‍ന്നു. മഴയെ തുടര്‍ന്ന് പച്ചക്കറി കൃഷിയെ ബാധിച്ചതിനെ തുടര്‍ന്നാണ് തമിഴ്നാട്ടിലെ കായ്കറി ഉത്പനങ്ങള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ പൊള്ളുന്ന വില രേഖപ്പെടുത്തിയത്. വരും ദിവസങ്ങളും തമിഴ്നാട്ടിലെ പച്ചക്കറ വില വീണ്ടും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പക്കുന്നത്. പച്ചക്കറിക്കായി തമിഴ്നാടിനെ ആശ്രയിക്കുന്ന കേരളത്തിലും വില വര്‍ധനവ് ബാധിച്ചേക്കും. അടുത്തിടെ അരിക്കും മറ്റും സംസ്ഥാനത്ത് വില വര്‍ധിച്ചതിന് പിന്നാലെയാണ് ഇരുട്ടടി പോലെ തമിഴ്നാട്ടിലെ പച്ചക്കറി വില വര്‍ധനയും.
തക്കാളിക്കും കൊച്ചുള്ളിക്കുമാണ് (ചെറിയ ഉള്ളി) കൂട്ടത്തില്‍ കുത്തനെ വില വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ തമിഴ്നാട്ടില്‍ 15 കിലോ വരുന്ന ഒരു കുട്ട തക്കാളിക്ക് 100 രൂപയാണ് വിലയായിരുന്നെങ്കില്‍ ഇന്ന് അത് 250 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. കൊച്ചുള്ളിയുടെ വില 90ല്‍ നിന്ന് 110 രൂപയിലേക്ക് ഉയരുകയും ചെയ്തു. മാര്‍ക്കറ്റില്‍ ഈ വിഭവങ്ങളുടെ ലഭ്യത കുറഞ്ഞതോടെ വീണ്ടും വില ഉയരാനാണ് സാധ്യത.
തമിഴ്നാട്ടിലെ മിക്ക വ്യാപാര കേന്ദ്രങ്ങളിലും പച്ചക്കറിയുടെ വില 20 മുതല്‍ 30 ശതമാനം വരെയാണ് ഉയര്‍ന്നിരിക്കുന്നത്. മഴയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ പച്ചക്കറിയും അതിന്റെ കൃഷിക്കും വലിയതോതില്‍ നാശനഷ്ടം രേഖപ്പെടുത്തിയിരുന്നു. ആവശ്യകതയ്ക്ക് അനുസരിച്ചുള്ള പച്ചക്കറിയുടെ വിളവെടുപ്പ് സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് ഉണ്ടാകത്തതിനാലാണ് വില വര്‍ധനവിന്റെ പ്രധാന കാരണം.
കൂടാതെ മഴയെ തുടര്‍ന്ന് പച്ചക്കറികള്‍ മാര്‍ക്കറ്റിലേക്കെത്തിക്കാനും സാധിക്കാതെ വരികയാണ്. പച്ചക്കറികളുമായി വാഹനങ്ങള്‍ക്ക് അതാത് വ്യാപാരകേന്ദ്രങ്ങള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഇതും പച്ചക്കറിയുടെ ലഭ്യത കുറയാന്‍ ഇടയാക്കുന്നുയെന്ന് വ്യാപാരികള്‍ പറയുന്നു. ഒരാഴ്ച മുകളിലായി തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ മഴ തുടരുകയാണ്. ശ്രീലങ്കന്‍ തീരത്ത് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം.