തേനി: തമിഴ്നാട്ടിലെ തേനിക്കടുത്ത് വീരപാണ്ഡിയിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. രോഗിയായ കമ്പം നാരായണത്തേവൻ പെട്ടി സ്വദേശി മണിയുടെ മകൾ ജയ (55) ആണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന രോഗിയായ മണി, മകൾ വിജയ, ഡ്രൈവർ കമ്പം സ്വദേശി കുമാർ, ആംബുലൻസ് ടെക്നീഷ്യൻ ചിന്നമന്നൂർ സ്വദേശി രാജ എന്നിവരെ പരുക്കുകളോടെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കമ്പം സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മണിയെ വിദഗ്ദ്ധ ചികിത്സക്കായി തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് വാഹനത്തിനുള്ളില്‍ നിന്നും ഡ്രൈവറെയും മറ്റുള്ളവരെയും പുറത്തെത്തിച്ചത്.
അതേസമയം പത്തനംതിട്ട ജില്ലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക്പ രിക്കേറ്റു. വിജയവാഡ വെസ്റ്റ് ഗോദാവരി സ്വദേശികളാണ് അപകടത്തിൽപെട്ടത്. 44 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു കുട്ടിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാസേനയെത്തി വാഹനത്തിന്റെ ഭാഗം മുറിച്ച് മാറ്റിയാണ് വാഹനത്തിനുള്ളിലുണ്ടായവരെ പുറത്തെത്തിച്ചത്.
അപകടത്തില്‍ 18 പേർക്കാണ് പരിക്കേറ്റത്. ഇവരില്‍ പത്ത്പേ രെ പെരുനാട് താലൂക് ആശുപത്രിയിലും ഏഴ് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. നേരത്തേ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ആരോഗ്യനില വഷളായതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.