ചെന്നൈ: എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി.
ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്. 82കാരനായ കുനൂര്‍ ശ്രീനിവാസനാണ് ഹര്ജിക്കാരന്.
ഡിഎംകെയുടെ അസറ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിലെ അംഗമാണ് ശ്രീനിവാസന്. നിലവില്‍ രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി നല്‍കണമെന്നാണ് ഫിനാന്‍സ് ആക്ടില്‍ പറയുന്നത്. നാലാഴ്ച്ച കഴിഞ്ഞാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.
ജസ്റ്റിസ് ആര് മഹാദേവന്, സത്യനാരായണ പ്രസാദ് എന്നിവര്‍ ചേര്‍ന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാര്‍, നിയമ-ധനമന്ത്രാലയം എന്നിവരോടാണ് വിഷയത്തില്‍ പ്രതികരണം തേടിയത്. നാലാഴ്ച്ചയ്ക്കുള്ളില്‍ മറുപടി അറിയിക്കണമെന്നാണ് നിര്‍ദേശം.
കേന്ദ്ര സര്‍ക്കാരിന്റെ തന്നെ ഡാറ്റയ്ക്ക് വിരുദ്ധമായ രീതിയിലാണ് ഇപ്പോള്‍ ആദായനികുതി സ്ലാബുകള്‍ ഉള്ളതെന്ന് ഹര്ജിക്കാരന് പറയുന്നു. എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തിന് അര്‍ഹരാണെന്ന് കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു.
ഈ കണ്ടെത്തലിന് എതിരാണ് കേന്ദ്രത്തിന്റെ ആദായനികുതി സംവിധാനമെന്ന് ഹര്ജിക്കാരന് കുറ്റപ്പെടുത്തുന്നു. നിലവിലുള്ള നികുതി സംവിധാനത്തിന് മുകളില്‍ നികുതി ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. എട്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരില്‍ നിന്ന് ആദായനികുതി ഈടാക്കുന്നതില്‍ തുല്യതയില്ലെന്നും, കേന്ദ്ര സര്‍ക്കാര്‍ ഇത് അവസാനിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
നിലവിലെ ആദായനികുതി നിയമം സുപ്രീം കോടതി വിധിക്ക് എതിരാണ്. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നത് ചൂണ്ടിക്കാണിച്ച് ആദായനികുതി പരിധി നിശ്ചയിച്ചാല്‍, അത് എല്ലാ വിഭാഗത്തിനും ലഭിക്കണം. ഒരു വിഭാഗത്തിന് മാത്രമായി അത് ലഭ്യമാക്കാന്‍ പറ്റില്ല.
ഇപ്പോഴുള്ള നിയമം സാമ്ബത്തികമായി പിന്നോക്കം നില്ക്കുന്നവരില് നിന്ന് നികുതി ഈടാക്കുന്നതാണ്. അതിലൂടെ ആ വിഭാഗത്തിന് മുന്നോക്കം നില്ക്കുന്നവരുമായി വിദ്യാഭ്യാസത്തിന്റെയോ, പണത്തിന്റെയോ കാര്യത്തില്‍ തുല്യത നേടാന്‍ സാധിക്കില്ലെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാണിച്ചു.