ചെന്നൈ: മുല്ലപ്പൂ വില റെകോര്‍ഡ് ഉയരത്തിലെത്തി. മധുര മല്ലി എന്നറിയപ്പെ ടുന്ന മുല്ലപ്പൂമൊട്ട് ഉയര്‍ന്ന ഗ്രേഡ് കിലോയ്ക്ക് 4,000 രൂപയ്ക്കാണ് വെള്ളിയാഴ്ച വില്‍പന നടന്നത്. ശബരിമല മണ്ഡലകാല ആഘോഷങ്ങള്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ കാര്‍ത്തിക ഉത്സവം കൂടി ആരംഭിച്ചതോടെയാണ് വിലയിലെ കുതിച്ചുച്ചാട്ടം. കിലോയ്ക്ക് 300-600 രൂപ വരെയായിരുന്നു ഇതുവരെ വില.
മുല്ലപ്പൂവിന് ആവശ്യം കൂടിയതും തെക്കന്‍ ജില്ലകളിലെ മഴയും മഞ്ഞും കാരണം ഉല്‍പാദനം കുറഞ്ഞതുമാണ് വില വര്‍ധിക്കാന്‍ കാരണം. മധുര മാട്ടുതാവണി പൂവിപണിയില്‍ നാല് ടണ്‍ പൂവ് വന്നിരുന്നതിന് പകരം ഒരു ടണ്‍ മാത്രമാണെത്തിയത്. മറ്റു പൂക്കളുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ജമന്തി കിലോയ്ക്ക് 50 രൂപയില്‍ നിന്ന് 150 രൂപയായും പിച്ചി 300ല്‍ നിന്ന് 800 രൂപയായും ഉയര്‍ന്നു. കനകാംബരത്തിന് അഞ്ചിരട്ടി വരെയാണ് വില ഉയര്‍ന്നത്.