ചെന്നൈ: ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യയ്ക്ക് മഴയില്‍ ചൂടാന്‍ ഭഗവാന്റെ മുത്തുക്കുട ഉപയോഗിച്ചതിനെച്ചൊല്ലി വിവാദം. സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ ചെന്നൈയ്ക്കടുത്ത് തിരുവട്ടിയൂര്‍ ത്യാഗരാജ സ്വാമിക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോഴാണ് സംഭവം.
ദുര്‍ഗ ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ മഴ പെയ്തു. തുടര്‍ന്ന് ചിലര്‍ പ്രതിഷ്ഠയെ ചൂടിച്ചിരുന്ന മുത്തുക്കുട ചൂടിച്ച് ദുര്‍ഗയെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. എഴുന്നള്ളിപ്പ് വേളയില്‍ പ്രതിഷ്ഠയെ ചൂടിക്കുന്ന മുത്തുക്കുടയാണ് മുഖ്യമന്ത്രിയുടെ ഭാര്യ മഴ നനയാതിരിക്കാന്‍ ചൂടിച്ചത്. പ്രതിഷ്ഠയെ ചൂടിച്ചതാകട്ടെ സാധാരണ കുടുയുമായിരുന്നു.
എഴുത്തുകാരി ഷെഫാലി വൈദ്യ ഇതിന്റെ വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. പല ബി.ജെ.പി. പ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് പങ്കുവെച്ചു.
പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കുടുംബത്തിന് ക്ഷേത്രങ്ങളില്‍ ദൈവത്തേക്കാള്‍ വലിയ പരിഗണനയാണ് കിട്ടുന്നതെന്ന് ബി.ജെ.പി. നേതാക്കള്‍ കുറ്റപ്പെടുത്തി.
എന്നാല്‍, മുത്തുക്കുട ചൂടിച്ചത് ദുര്‍ഗയുടെ താത്പര്യപ്രകാരമായിരുന്നില്ലെന്ന് അവരോടൊപ്പമുള്ളവര്‍ അറിയിച്ചു. ക്ഷേത്രത്തിലുണ്ടായിരുന്ന ചിലരാണ് അതു ചെയ്തത്. ദുര്‍ഗ അത് തടഞ്ഞില്ലെന്നേയുള്ളൂവെന്ന് അവര്‍ വിശദീകരിക്കുന്നു. വിഷയത്തില്‍ ഡി.എം.കെ ഇതുവരെ പ്രതികരിച്ചിട്ടില്ല.