Home Featured ഉദയനിധി സ്റ്റാലിന്‍; തമിഴ് ശുഭദിനത്തില്‍ ആധുനിക ദ്രാവിഡ രാജപരമ്ബരയിലെ മൂന്നാം തലമുറക്കാരന്റെ പട്ടാഭിഷേകം

ഉദയനിധി സ്റ്റാലിന്‍; തമിഴ് ശുഭദിനത്തില്‍ ആധുനിക ദ്രാവിഡ രാജപരമ്ബരയിലെ മൂന്നാം തലമുറക്കാരന്റെ പട്ടാഭിഷേകം

by jameema shabeer

പറയുമ്ബോള്‍ ഡിഎംകെ എന്ന പാര്‍ട്ടിയുടെ പേര് ദ്രാവിഡ മുന്നേട്ര കഴകമെന്നാണ്. യുക്തിവാദത്തിലുറച്ചതാണ് അതിന്റെ പ്രത്യയശാസ്ത്രം. പക്ഷേ തമിഴ് ശുഭദിനത്തിലാണ് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ കൊച്ചുമകന്റെ പട്ടാഭിഷേകം. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും തമിഴ് സിനിമാ താരവുമായ ഉദയനിധി സ്റ്റാലിന്‍ ഡിസംബര്‍ 14 ന് മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഡിസംബര്‍ 14 ഒരു ശുഭദിനമാണ്. തമിഴ് മാസമായ കാര്‍ത്തികൈയിലെ അവസാന ദിവസമാണ് ഇത്. 14 ന് രാവിലെ 9.30 ന് ഉദയനിധി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. താനൊരു യുക്തിവാദിയാണെന്നാണ് സ്റ്റാലിന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളത്.എന്നാല്‍ മകന്‍ ഉദയനിധിയും ഭാര്യ ദുര്‍ഗ സ്റ്റാലിനും, മരുമകന്‍ ശബരീശനുമെല്ലാം വിശ്വാസികളാണ്.

തലമുറകളായി അധികാരം പകരുന്ന രാഷ്ട്രീയ രീതിയാണ് ഡൈനാസ്റ്റി (dynasti) എന്ന രാജപരമ്ബരാ ശൈലി. ഡിഎംകെ ദ്രാവിഡ മുന്നേട്ര കഴകം എന്ന പേര് മാറ്റി ഡൈനാസ്റ്റി മുന്നേട്ര കഴകം എന്ന പേര് സ്വീകരിക്കണമെന്ന് ഇതോടകം മുഖ്യ പ്രതിപക്ഷമായ അണ്ണാ ഡിഎംകെ ആവശ്യപ്പെട്ടു കഴിഞ്ഞു.

മൂന്ന് ഭാര്യമാരിലായി ആറു മക്കളുണ്ട് കരുണാനിധിക്ക്. രണ്ടാം ഭാര്യ ദയാലു അമ്മാളിലുണ്ടായ രണ്ടാമത്തെ മകനാണ് സ്റ്റാലിന്‍. പ്രായം കൊണ്ട് കരുണാനിധിയുടെ മൂന്നാമന്‍. സ്റ്റാലിന് രണ്ടുമക്കള്‍. ഉദയനിധിയും സെന്താമരയും.കൃതികയാണ് ഉദയനിധിയുടെ ഭാര്യ. 10 വര്‍ഷം മുമ്ബായിരുന്നു വിവാഹം. ഇമ്ബന്‍, തന്മയ എന്ന് രണ്ടു മക്കളുണ്ട്.

1984 ല്‍ ആദ്യമായി എം എല്‍ എ ആയ സ്റ്റാലിനെ മന്ത്രിയാക്കാന്‍ പിതാവും മുഖ്യമന്ത്രിയും DMK തലവനുമായിരുന്ന കരുണാനിധിക്ക് 25 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. സ്റ്റാലിന്‍ രണ്ടു തവണ ചെന്നൈ മേയറും പാര്‍ട്ടി ട്രഷററുമായി. 20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 1989 ല്‍ കരുണാനിധി വീണ്ടും മുഖ്യമന്ത്രി ആയപ്പോഴും .സ്റ്റാലിന്‍ എം എല്‍ എ ആയിരുന്നു. എന്നാല്‍ ഉദയനിധിയുടെ കാര്യത്തില്‍ കാര്യങ്ങള്‍ക്ക് അല്പം വേഗം കൂടുതലായിരുന്നു. 2021 ല്‍ ആദ്യമായി എം എല്‍ എ ആയ മകനെ മുഖ്യമന്ത്രിയും പാര്‍ട്ടി തലവനുമായ സ്റ്റാലിന്‍ 20 മാസത്തില്‍ മന്ത്രിയാക്കി.

സ്റ്റാലിന്‍ അച്ഛനൊപ്പം 2009 ല്‍ തമിഴ്നാട്ടിലെ ആദ്യ ഉപമുഖ്യമന്ത്രിയായി. മന്ത്രിപദവി ലഭിക്കുമ്ബോള്‍ 56 വയസായിരുന്നു. എന്നാല്‍ ഉദയനിധി അത്രത്തോളം കാത്തുനില്‍ക്കേണ്ട എന്ന നിലപാടിലായിരുന്നു കുടുംബാംഗങ്ങളും ചില പാര്‍ട്ടി അംഗങ്ങളും. രാഷ്ട്രീയത്തില്‍ സുപ്രധാന സ്ഥാനം ഏറ്റെടുക്കാന്‍ അന്‍പതോ അറുപതോ വരെ കാത്തുനില്‍ക്കേണ്ട എന്ന നിലപാടിലായിരുന്നു പലരും.

2019 മുതല്‍ ഡിഎംകെ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയായ ഉദയനിധി മന്ത്രിസഭയിലേക്ക് എത്തുമെന്ന് വളരെക്കാലമായി പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും, തെന്നിന്ത്യയിലെ വലിയ സിനിമാ നിര്‍മാണ കമ്ബനികളിലൊന്നായ റെഡ് ജയന്റ്സുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു അദ്ദേഹം. സിനിമാ മേഖലയിലെ തിരക്കു പറഞ്ഞ് ഉദയനിധി തന്നെ മന്ത്രിസഭാ പ്രവേശനം നീട്ടിക്കൊണ്ടുപോയിരുന്നു.

”ഒരേ സമയം മുഖ്യമന്ത്രിയായും സൂപ്പര്‍സ്റ്റാറായും ഇരട്ട റോളുകള്‍ കൈകാര്യം ചെയ്ത എംജിആര്‍ പല വിമര്‍ശനങ്ങളും നേരിട്ടിരുന്നു. ഉദയനിധിയുടെ കാര്യത്തില്‍ അങ്ങനെ സംഭവിക്കരുതെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്”, ഒരു മുതിര്‍ന്ന ഡിഎംകെ മന്ത്രി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഉദയനിധിയുടെ ഏറ്റവും പുതിയ ചിത്രം ഇപ്പോള്‍ പോസ്റ്റ്-പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.

ഉദയനിധിക്ക് രാഷ്ട്രീയ ഉപദേശങ്ങള്‍ നല്‍കാന്‍ ഒരു സീനിയര്‍ സെക്രട്ടറിയെ നിയമിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ഈ സ്ഥാനത്തേക്ക് ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് വര്‍ധന്‍ ഷെട്ടിയുടെ പേരും ഉയര്‍ന്നു വരുന്നുണ്ട്. സ്റ്റാലിന്‍ വഹിച്ചിരുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട് ഫലപ്രദമായ പല തന്ത്രങ്ങളും പദ്ധതികളും നടപ്പിലാക്കിയതിനു പിന്നില്‍ ഇദ്ദേഹവും ഉണ്ടായിരുന്നു.

ചെപ്പോക്ക്-തിരുവെല്ലിക്കേനി മണ്ഡലത്തിലെ എംഎല്‍എയാണ് ഉദയനിധി. യുവജനക്ഷേമം, കായിക വികസനം, അല്ലെങ്കില്‍ പൊതുജന ക്ഷേമകാര്യ വകുപ്പ് ഇവയിലേതെങ്കിലും ഉദയനിധിക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് പൊതുജന ക്ഷേമകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത്.

You may also like

error: Content is protected !!
Join Our Whatsapp