ചെന്നൈ: ഭാര്യയെയും നാലുമക്കളെയും വെട്ടിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിലാണ് സംഭവം.കീഴുകുപ്പ സ്വദേശിയായ പളനിയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടത്തിയത്. കൊലപാതകത്തിന് പിന്നാലെ പളനി ആത്മഹത്യ ചെയ്തു.
ഭാര്യ വല്ലി, മക്കളായ തൃഷ, മോനിഷ, ശിവശക്തി, ധനുഷ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.ആക്രമണത്തില്‍ പരിക്കേറ്റ അഞ്ചാമത്തെ മകള്‍ ഭൂമിക വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചയാണ് കേസിനാസ്പദമായ സംഭവം. കര്‍ഷകനായ പളനി സ്ഥിരമായി മദ്യപിക്കുമായിരുന്നു.
തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ പളനി വല്ലിയുമായി വാക് തര്‍ക്കത്തിലേര്‍പ്പെട്ടു. പിറ്റേന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കിടന്നുറങ്ങുകയായിരുന്ന ഭാര്യയെയും മക്കളെയും ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ചൊവ്വാഴ്ച രാവിലെ വല്ലിയുടെ മാതാവ് വീട്ടിലെത്തിയപ്പോഴാണ് നടുക്കുന്ന കൊലപാതകത്തെക്കുറിച്ച് പുറം ലോകമറിയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.