ചെന്നൈ: തമിഴ്നാട്ടില്‍ ഇരുചക്ര വാഹനത്തിന് കുറുകെ പുള്ളിപ്പുലി ചാടി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയ്ക്കെതിരെ കേസ് എടുത്ത് വനം വകുപ്പ്.ഗൂഡല്ലൂര്‍ കമ്മാത്തി സ്വദേശിനിയായ സുശീലയ്ക്കെതിരെയാണ് കേസ് എടുത്തത്. സംഭവത്തിന് പിന്നാലെ പുള്ളിപ്പുലിയെ കണ്ടെത്താന്‍ വനംവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടി വ്യാജ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചാണ് നടപടി.കഴിഞ്ഞ മാസം 30 നായിരുന്നു വീട്ടിലേക്ക് ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന സുശീലയ്ക്ക് മുന്‍പിലേക്ക് പുള്ളിപ്പുലി ചാടി വീണത്.
ഇതോടെ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം വിടുകയും പെണ്‍കുട്ടിയ്ക്ക് നിലത്തു വീഴുകയുമായിരുന്നു. ഇതില്‍ പെണ്‍കുട്ടിയ്ക്ക് നെറ്റിയിലും കൈക്കും കാലിനുമെല്ലാം പരിക്കേറ്റിരുന്നു. തുടര്‍ന്ന് കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സുശീല ചികിത്സ തേടിയത്.സംഭവത്തിന് പിന്നാലെ പുള്ളിപ്പുലിയെ നിരീക്ഷിക്കാനായി വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.
എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെയാണ് സുശീലയുടേത് വ്യാജ ആരോപണമാണെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് രംഗത്ത് എത്തിയത്. ഇതേ തുടര്‍ന്ന് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുശീലയ്ക്കെതിരെ കേസ് എടുത്തത്. ഗൂഡല്ലൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ ബിബിഎസ് വിദ്യാര്‍ത്ഥിയാണ് സുശീല.