ചെന്നൈ: ഒരാള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം എത്ര ഭാഷകളും പഠിക്കാമെന്നും അടിച്ചേല്‍പ്പിക്കുന്ന ഒരു ഭാഷയും അംഗീകരിക്കില്ല എന്നതുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഷാ നയമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.
1943ല്‍ രാജാ സര്‍ അണ്ണാമലൈ ചെട്ടിയാര്‍ സ്ഥാപിച്ച പ്രശസ്തമായ തമിഴ് ഇസൈ സംഘത്തിന്റെ 80ാമത് വാര്‍ഷിക തമിഴ് സംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിനുമുമ്ബ് തമിഴ് സംഗീതം പൂര്‍ണമായും പുറന്തള്ളപ്പെട്ടപ്പോള്‍ തമിഴ് സംഗീതത്തെ ജനകീയമാക്കുന്നതില്‍ ചെട്ടിയാര്‍ നല്‍കിയ മഹനീയ സേവനങ്ങളെ സ്റ്റാലിന്‍ അനുസ്മരിച്ചു. തമിഴിനെ സംരക്ഷിച്ച രാജാവാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തമിഴിന് മേലുള്ള അന്യഭാഷക്കാരുടെ ആക്രമണം ചെട്ടിയാര്‍ തടഞ്ഞു. തമിഴ് ഇസൈ സംഘം പോലുള്ള നിരവധി സ്ഥാപനങ്ങള്‍ ഇനിയും ഉണ്ടാകണം.
ഭാഷ ഒരു വംശത്തിന്റെ രക്തപ്രവാഹമാണ്. അത് നശിപ്പിച്ചാല്‍ വംശവും ഇല്ലാതാകും. തമിഴ്‌നാട്ടില്‍ മറ്റൊരു ഭാഷ ആധിപത്യം സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നത് അതുകൊണ്ടാണ്. ഒരു ഭാഷയോടുമുള്ള വെറുപ്പ് അല്ല അതിനു കാരണമെന്നും സ്റ്റാലിന്‍ വിശദീകരിച്ചു. അദ്ദേഹം അടിവരയിട്ടു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരേ സംസ്ഥാനത്തെ ഭരണകക്ഷിയായ ഡി.എം.കെ നേരത്തേയും ശക്തമായി രംഗത്തുവന്നിരുന്നു.