ചെന്നൈ • ആധാർ ബന്ധിപ്പിക്കലിന്റെ പേരിൽ ഉപഭോക്താക്കളെ വീണ്ടും വലച്ച് വൈദ്യുതി വകുപ്പ്. സാങ്കേതിക തകരാറിനെ തുടർന്ന് ആധാറുമായി ബന്ധിപ്പിച്ച ഒട്ടേറെ കണക്ഷനുകളുടെ വിവരങ്ങൾ നഷ്ടപ്പെട്ടതായി അധികതർ പറഞ്ഞു.ഡിസംബർ 4നും 12നും ഇടയിൽ വൈദ്യുതി കണക്ഷനുകൾ ആധാറുമായി ബന്ധിപ്പിച്ച ചില ഉപഭോക്താക്കൾ ആധാർ ലിങ്കിങ് പ്രക്രിയ വീണ്ടും നടത്തേണ്ടി വരും. ആധാർ ലിങ്കിങ് പോർട്ടൽ യുഐഡിഎഐയുമായി ബന്ധിപ്പിച്ചശേഷം ഒരു വിഭാഗം ഉപഭോക്താക്കളുടെ വിവരങ്ങൾ സർവറിൽ സേവ് ചെയ്യപ്പെടാതിരുന്നതാണ് പ്രശ്നത്തിനു കാരണമായത്.
വിലാസത്തിൽ ഉൾപ്പെട്ടിട്ട് പ്രത്യേക ചിഹ്നങ്ങളാകാം വിവരങ്ങൾ നഷ്ടപ്പെടാൻ കാരണമെന്ന്അധികൃതർ പറഞ്ഞു. ആധാർ ലിങ്കിങ് പൂർത്തിയായതായി ഉപഭോക്താക്കൾക്ക് സന്ദേശമെത്തിയെങ്കിലും ഇവരുടെ വിവരങ്ങൾ സെർവറുകളിലെത്തിയില്ല.
ചില ടാൻജെഡ്കോ ഉദ്യോഗസ്ഥരുടെ ഉപഭോക്തൃ വിവരങ്ങൾ സെർവറിലില്ലാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് വിവരം കണ്ടെത്തിയത്.കൂടുതൽ ഉപഭോക്താക്കൾക്കു പിഴവു സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാൻ പരിശോധനകൾ നടക്കുകയാണ്. പിഴവുപറ്റിയ ഉപഭോക്താക്കൾക്ക് തൊട്ടടുത്ത വൈദ്യുതിവകുപ്പ് ഓഫിസിലെത്തി വീണ്ടും ആധാർ ബന്ധിപ്പിക്കൽ നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.