ചെന്നൈ: തിരുപ്പൂര്‍ കേന്ദ്രമായി ഓണ്‍ലൈന്‍ ആപ് മുഖേന ചെറുകിട വായ്പകള്‍ നല്‍കി പണം തട്ടുന്ന അഞ്ചംഗ മലയാളി സംഘം അറസ്റ്റില്‍.കോഴിക്കോട് സ്വദേശികളായ മടവൂര്‍ മുഹമ്മദ് അസ്കര്‍ (24), മുഹമ്മദ് ഷാഫി (36), മലപ്പുറം സ്വദേശികളായ കോട്ടക്കല്‍ മുഹമ്മദ് സലിം (37), അനീഷ് മോന്‍ (33), അഷ്‌റഫ് (46) എന്നിവരാണ് പ്രതികള്‍. ഇവരില്‍നിന്ന് 500 സിം കാര്‍ഡുകള്‍, 30ലധികം ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍, 11 സിം കാര്‍ഡ് ബോക്‌സുകള്‍, ആറ് മോഡം, മൂന്ന് ലാപ്‌ടോപ്പ്, യു.പി.എസ് ബാറ്ററി എന്നിവ പിടിച്ചെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചു.
തിരുപ്പൂര്‍ കാദര്‍പേട്ട പി.എന്‍ റോഡ് പുഷ്പ ജങ്ഷന് സമീപം മുറിയെടുത്ത് കോള്‍ സെന്‍റര്‍ സ്ഥാപിച്ചാണ് സംഘം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. തിരുപ്പൂര്‍ പോങ്കുപാളയം സ്വദേശിനിക്ക് ഡിസംബര്‍ 15ന് മൊബൈല്‍ ഫോണ്‍ ആപ് വഴി 3000 രൂപ വായ്പ ലഭിച്ചു. അത് തിരിച്ചടച്ച ശേഷം അധിക വായ്പക്ക് അര്‍ഹതയുണ്ടെന്ന് സന്ദേശം ലഭിച്ചതിന് പിന്നാലെ 15,000 രൂപകൂടി വായ്പ കിട്ടി.
പിന്നീട് കാലയളവ് അവസാനിക്കുന്നതിനുമുമ്ബ് പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് യുവതിക്ക് സന്ദേശം ലഭിച്ചു. പണമടക്കാത്തപക്ഷം യുവതി വായ്പ അപേക്ഷക്കൊപ്പം നല്‍കിയ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലും ബന്ധുക്കള്‍ക്കും അയക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ യുവതി തിരുപ്പൂര്‍ ജില്ലാ സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തമിഴ്‌നാട്ടില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ ഇത്തരത്തില്‍ 200 പേരുടെ അശ്ലീലചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് പ്രസിദ്ധീകരിച്ച് ഈ സംഘം പണം തട്ടിയതായും പൊലീസ് അറിയിച്ചു. വിദേശ ആപ് കമ്ബനികളില്‍നിന്ന് പ്രതിമാസം നാലുലക്ഷം രൂപവരെ സംഘത്തിന് കമീഷന്‍ ലഭ്യമായിരുന്നതായും അറിവായിട്ടുണ്ട്. സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന മലയാളിയായ പ്രതി ഒളിവിലാണ്. ഇയാളെ പൊലീസ് തേടുന്നുണ്ട്.