കോയമ്ബത്തൂര്‍: കഴുകന്മാരുടെ കണക്കെടുക്കാനൊരുങ്ങി തമിഴ്നാട് വനം വകുപ്പ്. മാര്‍ച്ചില്‍ നടത്താനിരിക്കുന്ന സര്‍വേയ്ക്ക് കേരളത്തിന്റെയും കര്‍ണാടകയുടെയും പിന്തുണ തമിഴ്‌നാട് വനംവകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇക്കാര്യം ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ശ്രീനിവാസ് ആര്‍ റെഡ്ഡി ഇരു സംസ്ഥാനങ്ങള്‍ക്കും കത്തയച്ചു.
കഴുകന്മാര്‍ക്ക് ദീര്‍ഘദൂരം പറക്കാന്‍ കഴിവുള്ളതിനാലാണ് മൂന്ന് സംസ്ഥാനങ്ങളില്‍ ഒരേ സമയം സര്‍വേ നടത്തുന്നത് ഈ പ്രദേശത്തെ കൃത്യമായ എണ്ണം തിരിച്ചറിയാന്‍ ഇതുവഴി കഴിയും. കൂടുണ്ടാക്കുന്ന സ്ഥലങ്ങളെ തിരിച്ചറിയാന്‍ സര്‍വേ വഴി കഴിയും. ഓരോ സംസ്ഥാനത്തും 20 സ്ഥലങ്ങള്‍ തെരഞ്ഞെടുത്ത് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും.
പ്രകൃതിയുടെ തോട്ടികള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന കഴുകന്‍മാര്‍ അതിരൂക്ഷമായ വംശനാശഭീഷണി നേരിടുകയാണ്. കഴുകന്‍മാരുടെ സംരക്ഷണമാണ് തമിഴ്നാട് ലക്ഷ്യമിടുന്നത്. ശവക്കുഴികളുടെ ശാസ്ത്രീയ പരിപാലനം, കഴുകന്മാര്‍ ചാവാന്‍ ഇടയാക്കുന്ന വിഷാംശമുള്ള മരുന്നുകളുടെ നിരോധനം, കഴുകന്‍ സംരക്ഷണ പ്രജനനകേന്ദ്രങ്ങള്‍, കഴുകന്മാരുടെ സെന്‍സസ് എടുക്കല്‍, സംരക്ഷണ ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവ സമിതി ആസൂത്രണം ചെയ്യും.
1998 വരെ രാജ്യത്ത് എട്ടുകോടി കഴുകന്മാര്‍ ഉണ്ടായിരുന്നത് 2005 ആയപ്പോള്‍ പതിനായിരമായി ചുരുങ്ങി. അതിനാലാണ് അതീവ വംശനാശ ഭീഷണിയുള്ള വിഭാഗത്തില്‍ ഇവ ഉള്‍പ്പെട്ടത്. വന്യമൃഗങ്ങളെ കൊല്ലാന്‍ അതിര്‍ത്തികളില്‍ പലപ്പോഴും വിഷം വെയ്ക്കാറുണ്ട്. ഇത് ഭക്ഷിച്ച് ചാവുന്ന മൃഗങ്ങളുടെ ജഡം തിന്നാണ് കൂടുതലായും കഴുകന്‍മാര്‍ ചത്തത്. വേദനയ്ക്കും നീര്‍വീക്കത്തിനുമായി മൃഗങ്ങളില്‍ കുത്തിവെയ്ക്കുന്ന മരുന്നുകളും ഘാതകരായി. ദക്ഷിണേന്ത്യയില്‍ കഴുകന്മാരുടെ ആവാസകേന്ദ്രങ്ങളുള്ള ഇടങ്ങളില്‍ ഇത്തരം മരുന്നുകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും പലയിടത്തും ഇപ്പോഴും ലഭ്യമാണ്. ഇന്ത്യയില്‍ കാണപ്പെടുന്ന ഒമ്ബത് ഇനം കഴുകന്മാരില്‍ നാലുവിഭാഗങ്ങള്‍ തമിഴ്‌നാട്ടില്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.