Home Featured കൃഷ്ണഗിരി- ബെംഗളൂരു ദേശീയപാതയില്‍ കല്ലേര്‍;കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിന്‍റെ ചില്ല് തകര്‍ന്നു

കൃഷ്ണഗിരി- ബെംഗളൂരു ദേശീയപാതയില്‍ കല്ലേര്‍;കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിന്‍റെ ചില്ല് തകര്‍ന്നു

by jameema shabeer

ഹൊസൂര്‍: ജല്ലിക്കെട്ടിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായ ഹൊസൂരില്‍ KSRTC സ്വിഫ്റ്റ് ഗജരാജ ബസിനുനേരെ കല്ലേറുണ്ടായി. കൃഷ്ണഗിരി- ഹൊസൂര്‍- ബെംഗളൂരു ദേശീയപാത ഉപരോധിക്കുന്നതിനിടെയാണ് സംഘര്‍ഷവും കല്ലേറുമുണ്ടായത്.

കല്ലേറില്‍ തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിലേക്ക് പോയ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസിന്‍റെ ചില്ല് തകര്‍ന്നു. നിരവധി വാഹനങ്ങള്‍ക്കുനേരെയും കല്ലേറുണ്ടായി. ബസ് പിന്നീട് പൊലീസെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം ജല്ലിക്കെട്ടിന് അനുമതി നിഷേധിച്ചതല്ല, പരിപാടി നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് പരിശോധിക്കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷേധമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഹൊസൂര്‍ സബ് കളക്ടറായിരുന്നു പരിശോധനയ്ക്ക് ഉത്തരവിട്ടത്.

പോലീസുകാര്‍ക്കും ദേശീയപാതയിലൂടെ പോകുകയായിരുന്ന വാഹനങ്ങള്‍ക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി. കല്ലേറില്‍ ചില വാഹനയാത്രികര്‍ക്ക് നിസാരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പിന്നീട് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിക്കുകയും അറസ്റ്റ് ചെയ്തു നീക്കുകയുമായിരുന്നു.

ഇന്നു രാവിലെ എട്ടു മണിക്ക് ശേഷം ജല്ലിക്കെട്ട് നടത്തുന്ന സ്ഥലത്ത് പരിശോധന നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ഏഴരയോടെ നാട്ടുകാര്‍ പ്രതിഷേധവുമായി ദേശീയപാത ഉപരോധിക്കുകയായിരുന്നു. പ്രതിഷേധക്കാരില്‍ പലരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.

You may also like

error: Content is protected !!
Join Our Whatsapp