മധുര: തമിഴ്നാട്ടില്‍ ഐസ്ക്രീമിനുള്ളില്‍ ചത്ത തവളയെ കണ്ടെത്തി. തിരുപ്പറങ്കുണ്‍രം അരുള്‍മിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ കടയില്‍ നിന്ന് ജിഗര്‍തണ്ട ഐസ്ക്രീം കഴിച്ച കുട്ടികള്‍ക്കാണ് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്.
മധുര ടി.വി.എസ് നഗറിന് സമീപം മണിമേഗല സ്ട്രീറ്റിലെ അന്‍ബു സെല്‍വവും കുടുംബത്തോടൊപ്പം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. രാവിലെ 11 മണിയോടെ ക്ഷേത്രത്തിന് സമീപത്തെ ലഘുഭക്ഷണ കടയില്‍ നിന്ന് കുട്ടികള്‍ക്ക് ഐസ് ക്രീം വാങ്ങി നല്‍കുകയായിരുന്നു. കുട്ടികള്‍ ഐസ്ക്രീം കഴിക്കാന്‍ തുടങ്ങിയപ്പോള്‍ അതില്‍ ചത്ത തവളയെ കണ്ടെത്തി. ഇത് കണ്ട അന്‍ബു സെല്‍വത്തിന്റെ മകള്‍ ഇക്കാര്യം പിതാവിനോട് പറഞ്ഞു.തുടര്‍ന്ന് ഐസ്ക്രീം കഴിച്ച കുട്ടികളെ സമീപത്തെ തിരുപ്പറങ്കുണ്‍റം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

തൈപ്പൂയ ഉത്സവത്തിനായി ലക്ഷക്കണക്കിന് ഭക്തരാണ് തിരുപ്പറങ്കുണ്‍റം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ എത്താറുള്ളത്. ഈ തിരക്ക് മുതലെടുത്താണ് എതിര്‍വശത്തുള്ള ലഘുഭക്ഷണ കടയില്‍ വൃത്തിഹീനമായ ഭക്ഷണം വില്‍ക്കുന്നത്. ഐസ് ക്രീം കടയ്‌ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.