പുനലൂര്‍: തമിഴ്നാട്ടില്‍നിന്ന് കഞ്ചാവ് ഉള്‍പ്പെടെ ലഹരിവസ്തുക്കള്‍ ട്രെയിനുകളില്‍ കടത്തുന്നുണ്ടെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസ് ചൊവ്വാഴ്ച മുതല്‍ പ്രത്യേക പരിശോധന ആരംഭിച്ചു.തമിഴ്നാട്ടില്‍നിന്ന് വരുന്നതും ആര്യങ്കാവ്, തെന്മല, ഉറുകുന്ന്, ഒറ്റക്കല്‍, ഇടമണ്‍ തുടങ്ങിയ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നതുമായ യാത്രക്കാരെ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്.
കൂടാതെ ട്രെയിനുകളില്‍ കൊണ്ടുവരുന്നതും ഇവിടെ ഇറക്കുന്നതുമായ ലഗേജുകളും ചൊവ്വാഴ്ച പരിശോധിച്ചു. ഇന്നലത്തെ പരിശോധനയില്‍ അസാധാരണമായി ഒന്നും കണ്ടെത്താനായില്ല. ഉച്ചയ്ക്ക് ചെങ്കോട്ടയില്‍നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിനിലാണ് പുനലൂര്‍ റെയില്‍വേ പൊലീസ് എസ്.ഐ എസ്. സലീമിന്റെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്. തുടര്‍ദിവസങ്ങളിലും ഈ മേഖലയിലൂടെയുള്ള ട്രെയിനുകളില്‍ സൂക്ഷ്മമായ പരിശോധന ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.