ചെന്നൈ : ഉഡാൻ പദ്ധതിയിൽപ്പെടുത്തി വിമാനത്താവളം നിർമിക്കാനുള്ള പട്ടണങ്ങളുടെ പട്ടികയിൽനിന്ന് തമിഴ്നാട്ടിലെ ഹൊസൂരിനെ കേന്ദ്രം ഒഴിവാക്കി. ഇവിടന്ന് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 74 കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ എന്നതാണ് കാരണം.
ഹൊസൂരിൽ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതിക്ക് തമിഴ്നാട് സർക്കാർ 2022-ൽ രൂപം നൽകിയിരുന്നു. പദ്ധതി രേഖ തയ്യാറാക്കുമെന്നും പറഞ്ഞിരുന്നു. ചെറു പട്ടണങ്ങളെ വിമാനമാർഗം ബന്ധപ്പെടുത്തുന്ന ഉഡാൻ പദ്ധതിയിൽ ഹൊസൂരിനെ ഉൾപ്പെടുത്താനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായുള്ള കരാറനുസരിച്ച് ഇത് നടക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
കെംപഗൗഡ വിമാനത്താവളവുമായി കേന്ദ്രസർക്കാറുണ്ടാക്കിയ ഉടമ്പടിയനുസരിച്ച് 2033 വരെ ഇതിന് 150 കിലോ മീറ്റർ പരിധിയിൽ പുതിയ വിമാനത്താവളങ്ങൾ നിർമിക്കാൻ പാടില്ല. മൈസൂരു, ഹാസൻ വിമാനത്താവളങ്ങൾക്കു മാത്രമാണ് ഈ നിബന്ധനയിൽനിന്ന് ഇളവു നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ബംഗളൂരു വിമാനത്താവളത്തിൽനിന്ന് 74 കിലോമീറ്റർ മാത്രം അകലമുള്ള ഹൊസൂരുവിൽ പുതിയ വിമാനത്താവളം അനുവദിക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.