ന്യൂഡല്‍ഹി| കോയമ്ബത്തൂര്‍ കാര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അറുപത് ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നാണ് ഉക്ക്ഡാം മേഖലയില്‍ കോട്ടായിമേട് കോട്ടായി ഈശ്വരന്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ച് കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീവ്രവാദിയെന്ന് സംശയിക്കുന്ന ജമേഷ മുബീന്‍ കൊല്ലപ്പെട്ടത്.
ദീപാവലി ആഘോഷത്തിന് ഒരു ദിവസം മുമ്ബുണ്ടായ സ്‌ഫോടനത്തെ ‘ലോണ്‍ വുള്‍ഫ്’ ആക്രമണം എന്നാണ് വിളിച്ചിരുന്നത്. മുബീനില്‍ നിന്ന് 75 കിലോ സ്ഫോടക വസ്തുക്കളും, ഐഎസിന്റെ പതാക വരച്ചതുള്‍പ്പെടെയുള്ള രേഖകളും, അല്ലാഹുവിന്റെ നാമം സ്പര്‍ശിക്കുന്നവരെ പിഴുതെറിയുമെന്ന വാചകങ്ങളും സിറ്റി പൊലീസ് പിടിച്ചെടുത്തിരുന്നു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ സ്ഫോടകവസ്തുക്കള്‍ വാങ്ങാനും വാടക വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോകാനും മുബീനെ സഹായിച്ചതിന് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കോയമ്ബത്തൂര്‍ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ജമേഷ മുബീന്‍, മംഗലാപുരം സ്‌ഫോടനത്തില്‍ പ്രവര്‍ത്തിച്ച ഷാരിഖ് എന്നിവരുമായി ബന്ധപ്പെട്ട ആളുകളിലേക്കാണ് എന്‍ഐഎയുടെ അന്വേഷണം. അറുപത് ഇടങ്ങളില്‍ ഇവരുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡ് പുരോഗമിക്കുകയാണ്.
എറണാകുളത്തും റെയ്ഡ് പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മട്ടാഞ്ചേരി, ആലുവയില്‍ രണ്ട് സ്ഥലങ്ങള്‍, പറവൂര്‍, ഇടത്തല എന്നീ സ്ഥലങ്ങളിലാണ് എറണാകുളത്ത് റെയ്ഡ് നടക്കുന്നത്.
മംഗളുരു സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് കൊച്ചിയില്‍ റെയ്ഡ് പുരോഗമിക്കുന്നത്. ഷാരിഖ് മംഗലാപുരത്ത് നിന്നും സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് കേരളത്തിലെത്തിയെന്നും ഇവിടെ താമസിച്ചെന്നും കണ്ടെത്തിയിരുന്നു. അതിനുവേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കിയവരെ സംബന്ധിച്ചാണ് അന്വേഷണം.
ചെന്നൈയില്‍ രണ്ട് സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. മണ്ണടിയും, കൊടങ്ങയൂരുമാണ് പരിശോധന നടക്കുന്നത്. കോയമ്ബത്തൂരില്‍ ഒക്ടോബര്‍ 23ന് പുലര്‍ച്ചെ നടന്ന കാര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് ഈ റെയ്ഡ്.