ചെന്നൈ:കാലാവസ്ഥാ വ്യതിയാനം കാരണം സമുദ്രനിരപ്പ് ഉയരുന്നത് ഭൂമിയിൽ വലിയ ആഘാതം സൃഷ്ടിക്കുമെന്ന് പഠനം. ഇന്ത്യയിൽ ചെന്നൈ, കൊൽക്കത്ത നഗരങ്ങളെ പ്രതികൂലമായി ബാധിക്കും. 2100-ഓടെ ഇരു നഗരങ്ങളും മുങ്ങുമെന്നാണ് പഠന റിപ്പോർട്ട്. വാഷിങ്ടണിലെ ‘നാച്വർ ക്ലൈമറ്റ് ചെയ്ഞ്ച്’ എന്ന ജേണലിലാണ് പഠനവിവരം പ്രസിദ്ധപ്പെടുത്തിയത്.ഗണ്യമായി ഉയരുന്ന താപനിലയുൾപ്പെടെ കാലാവസ്ഥാ വ്യതിയാനങ്ങൾ സമുദ്രനിരപ്പ് ഉയരുന്നതിനു കാരണമാകും.
തീരദേശ നഗരങ്ങൾക്കാണ് വലിയ ആഘാതം നേരിടേണ്ടിവരിക. ഏഷ്യൻ മേഖലയിലെ ആറ് നഗരങ്ങൾക്ക് വലിയ പ്രത്യാഘാതമുണ്ടാകാൻ സാധ്യതയുണ്ട്.തായ്ലാൻഡിലെ ബാങ്കോക്ക്, ഇൻഡൊനീഷ്യയിലെ മനില, മ്യാൻമാറിലെ യാങ്കോൺ, വിയറ്റ്നാമിലെ ഹോചിമിൻ സിറ്റി എന്നിവയും പ്രത്യാഘാതം നേരിടുന്ന ഇടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
2100-ഓടെ ഈ നഗരങ്ങളെല്ലാം കടലിൽ മുങ്ങാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പു നൽകുന്നത്. അതേസമയം, ആഭ്യന്തര കാലാവസ്ഥാ വ്യതിയാനം അമേരിക്കയുടെയും ഓസ്ട്രേലിയയുടെയും പടിഞ്ഞാറൻ തീരങ്ങളിൽ സമുദ്രനിരപ്പ് ഉയർത്തുമെന്നും പഠനത്തിൽ പറയുന്നു.