സ്കൂളിലോ കോളേജിലോ ഒക്കെ പഠിക്കുമ്പോൾ ബാഗ് ഇല്ലാതെ പോവുന്നത് സങ്കൽപിക്കാൻ സാധിക്കില്ല അല്ലേ? പുസ്തകങ്ങൾ ഉണ്ടാവും. ചിലപ്പോൾ ഭക്ഷണം ഉണ്ടാവും, പേനയുണ്ടാവും അങ്ങനെ അങ്ങനെ… എന്നാൽ, ഒരു കോളേജിൽ വിദ്യാർത്ഥികൾ ‘നോ ബാഗ് ഡേ’ ആഘോഷിച്ചു. അതായത് ബാഗ് കൊണ്ടുപോകാതെ ഒരു ദിവസം.
എന്നുവച്ച് ഇവർ കയ്യുംവീശി അല്ല കേട്ടോ അന്ന് കോളേജിൽ പോയത്. പകരം അവരുടെ പുസ്തകങ്ങളും മറ്റും കൊണ്ടുപോകാൻ വളരെ ക്രിയേറ്റീവായ ചില വഴികളാണ് വിദ്യാർത്ഥികൾ കണ്ടെത്തിയത്. അതിൽ പ്രഷർ കുക്കർ മുതൽ സഞ്ചി വരെ ഉണ്ട്. ചെന്നൈയിലെ വിമൻസ് ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥികളാണ് ബാഗിന് പകരം ഇങ്ങനെ വ്യത്യസ്തമായ വസ്തുക്കളുമായി കോളേജിൽ എത്തിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു.
വീഡിയോയിൽ കോളേജിൽ ഇത് ‘നോ ബാഗ് ഡേ’ ആണ് എന്ന് എഴുതിയിട്ടുണ്ട്. തലയണക്കവർ, സ്യൂട്ട്കേസ്, പ്രഷർ കുക്കർ വസ്ത്രങ്ങളിടുന്ന ബാസ്കറ്റ് തുടങ്ങി അനേകം വസ്തുക്കളുമായിട്ടാണ് വിദ്യാർത്ഥികൾ ക്യാംപസിൽ എത്തിയത്. വീഡിയോ കണ്ട് എല്ലാവർക്കും ഏറ്റവും ഇഷ്ടമായത് പ്രഷർ കുക്കറിൽ പുസ്തകം കൊണ്ടുവന്ന രീതിയാണ്. ഒരു കോളേജിലേക്ക് നോ ബാഗ് ഡേയിൽ പുസ്തകം കൊണ്ടുവരാൻ പ്രഷർ കുക്കർ പോലെ ഇന്നവേറ്റീവ് ആയ മറ്റേത് ഐഡിയ ആണുള്ളത് എന്നാണ് ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്.
ഇത് വളരെ രസകരമായ സംഗതി തന്നെ എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ട് പലർക്കും ചിരിയടക്കാൻ കഴിഞ്ഞില്ല. വിദ്യാർത്ഥികളും വളരെ രസകരമായിട്ടാണ് ഈ ദിവസത്തെ കണ്ടത് എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്.