ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികളെ ഒരേ വേദിയിലെത്തിച്ച് ഡിഎംകെ. തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച സാമൂഹിക നീതിക്കായുള്ള ദേശീയ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ചത്.
ബിജെപി സര്‍ക്കാരിന് കീഴില്‍ ബിജെപിയിതര സംസ്ഥാനങ്ങള്‍ നേരിടുന്ന സാമൂഹിക നീതി നിഷേധത്തിന് എതിരായ പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് ഡിഎംകെ യോഗം വിളിച്ചത്. വിവിധ പ്രതിപക്ഷ കക്ഷികളെ പ്രതിനിധീകരിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഝാര്‍ഘണ്ട് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഫറൂഖ് അബ്ദുള്ള, അഖിലേഷ് യാദവ്, ഇ ടി മുഹമ്മദ് ബഷീര്‍, വൈക്കോ എന്നിങ്ങനെ ഒട്ടെല്ലാ ബിജെപിയിതര കക്ഷികളും യോഗത്തിനെത്തി. സാമൂഹിക നീതി ഒരു സംസ്ഥാനത്തിന്റേയോ ഒരു കൂട്ടം സംസ്ഥാനങ്ങളുടെയോ ആവശ്യമല്ല രാജ്യത്തിന്റെ ആവശ്യമാണെന്ന് എംകെസ്റ്റാലിന്‍ പറഞ്ഞു.