ചെന്നൈ ∙ വേളാച്ചേരി – സെന്റ് തോമസ് മൗണ്ട് എംആർടിഎസ് പാത ജൂലൈയിൽ പൂർത്തിയാകുമെന്ന് റിപ്പോർട്ട്. സുപ്രീം കോടതിയുടെ ഇടപെടലാണ് 15 വർഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതിക്ക് പുതുജീവൻ നൽകിയത്. 2008ൽ ആരംഭിച്ച പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ 3 വർഷം കൊണ്ട് 90 ശതമാനവും പൂർത്തിയായിരുന്നു.
ആദമ്പാക്കത്തിനും സെന്റ് തോമസ് മൗണ്ടിനും ഇടയിലുള്ള 500 മീറ്റർ പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച കേസുകളാണ് ശേഷിക്കുന്ന പാത നിർമാണം പൂർത്തിയാക്കുന്നതിനു തടസ്സമായത്. സുപ്രീം കോടതി അനുകൂല വിധി പ്രഖ്യാപിച്ചതോടെ പുനരാരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
495 കോടി രൂപ ചെലവു പ്രതീക്ഷിച്ച് ആരംഭിച്ച പദ്ധതിയുടെ നിർമാണ ചെലവിലും ഇതിനിടെ വലിയ വർധനയുണ്ടായി. 730 കോടി രൂപയോളമാണ് പുതുക്കിയ എസ്റ്റിമേറ്റ്. ആദംപാക്കം, തില്ല ഗംഗാ നഗർ പ്രദേശങ്ങളിലെ തൂണുകളുടെ നിർമാണവും ഇരു വശങ്ങളിലെയും പാതകളെ മേൽപ്പാലവുമായി ബന്ധിപ്പിക്കുന്ന ജോലികളും അന്തിമഘട്ടത്തിലെത്തി.
ശേഷിക്കുന്ന ജോലികൾ ജൂലൈ മാസത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എത്രയും വേഗം പണികൾ പൂർത്തിയാക്കി, റെയിൽവേ സുരക്ഷാ കമ്മിഷന്റെ അനുമതി വാങ്ങി ട്രെയിൻ സർവീസുകൾ ആരംഭിക്കാനാകുമെന്നാണ് ദക്ഷിണ റെയിൽവേ അധികൃതർ കണക്കു കൂട്ടുന്നത്.