ചെന്നൈ: പായസത്തിന് രുചി പോരെന്ന് പറഞ്ഞ് വിവാഹനിശ്ചയച്ചടങ്ങ് വേദിയില്‍ കൂട്ടത്തല്ല്. തമിഴ്നാട്ടിലെ സീര്‍കാഴിയില്‍ ആണ് സംഭവം. മയിലാടുതുറൈ സീര്‍കാഴി സൗത്ത് രഥ റോഡിലെ കല്യാണമണ്ഡപത്തിലാണ് പായസത്തിന്‍റെ പേരില്‍ തമ്മിലടി നടന്നത്.
വിവാഹനിശ്ചയച്ചടങ്ങ് വേദിയില്‍ സദ്യക്കിടെ പായസം എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ചോറുകഴിച്ച് തീരുന്നതിന് മുമ്ബ് പായസം വിളമ്ബിയതിന്‍റെ പേരില്‍ ചിലര്‍ എതിരഭിപ്രായം പറഞ്ഞു. തുടര്‍ന്നുള്ള തര്‍ക്കത്തില്‍ പായസത്തിന് രുചി പോരെന്ന് വരന്‍റെ ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു. ഇതോടെ ഇരുഭാഗത്തും അതിഥികള്‍ ചേര്‍ന്ന് തര്‍ക്കം വഷളായി. ഇതിനിടെ വരന്‍റെ ഒപ്പമെത്തിയവരില്‍ ചിലര്‍ വധുവിന്‍റെ വീട്ടുകാര്‍ക്ക് നേരെ പായസം വലിച്ചെറിഞ്ഞു. അതോടെ കൂട്ടത്തല്ലായി മാറുകയായിരുന്നു.
ഭക്ഷണശാലയ്ക്കുള്ളിലെ മേശയും കസേരയുമെല്ലാം പരസ്പരം വലിച്ചെറിഞ്ഞു. തുടര്‍ന്ന് സീര്‍കാഴി പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തേയും പിന്തിരിപ്പിക്കുകയായിരുന്നു. കല്യാണമണ്ഡപത്തിലെ കൂട്ടത്തല്ലിന്‍റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഇരുഭാഗത്തും പരാതിയില്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.