ചെന്നൈ: അസഭ്യം പറഞ്ഞുവെന്നത് ഗൗരവമായ കുറ്റമല്ലെന്ന് മദ്രാസ് ഹൈകോടതി. ഇത്, ജോലിയില്‍നിന്ന് പിരിച്ചുവിടാനുള്ള കാരണമാക്കാൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ട പുതുച്ചേരി ഹിന്ദുസ്ഥാൻ യുണിലിവര്‍ ലിമിറ്റഡ് ഫാക്ടറി ജീവനക്കാരൻ എസ്. രാജ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ജോലിയില്‍നിന്ന് നീക്കുമ്ബോള്‍ കുറ്റത്തിന്റെ ഗൗരവവും ജീവനക്കാരന്റെ നാളിതുവരെയുള്ള പെരുമാറ്റം എന്നിവ കണക്കിലെടുക്കണമെന്നും ജസ്റ്റിസ് എസ്. വൈദ്യനാഥൻ, ജസ്റ്റിസ് ആര്‍. കലൈമതി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
തൊഴിലാളി സംഘടന നേതാവ് കൂടിയായ രാജ 2009-ല്‍ കമ്ബനി മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ മാനേജരെയും മറ്റൊരു ജീവനക്കാരനെയും അസഭ്യം പറഞ്ഞിരുന്നു. ഇതെ തുടര്‍ന്ന്, രാജയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ലേബര്‍ കോടതി കമ്ബനിയുടെ നടപടി റദ്ദാക്കി. ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയ കാലത്തെ 50 ശതമാനം വേതനം നല്‍കാനും ഉത്തരവിട്ടിരിക്കയാണ്.
കമ്ബനി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച മദ്രാസ് ഹൈകോടതി സിംഗിള്‍ ബെഞ്ച്, ലേബര്‍ കോടതി ഉത്തരവ് റദ്ദാക്കി. ഇതിനെതിരേ രാജ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ജോലി നഷ്ടമായിരുന്ന കാലത്തെ വേതനത്തിന്റെ പകുതി നല്‍കണമെന്ന ലേബര്‍ കോടതിയുടെ ഉത്തരവിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈകോടതി രാജയെ തിരിച്ചെടുക്കാനുള്ള വിധി ശരിവെച്ചു.
2001ല്‍ തൊഴിലാളിയ്‌ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചെങ്കിലും ഒരു ദശാബ്ദത്തിന് ശേഷമാണ് ഇപ്പോഴത്തെ സംഭവം നടന്നതെന്നും അതിനാല്‍ ഇയാള്‍ പതിവായി ഈ രീതിയില്‍ പെരുമാറുന്ന ആളാണെന്ന് പറയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.