ചെന്നൈ: ഭക്ഷണം കഴിച്ച് മടങ്ങവെ ബില്ലടയ്‌ക്കാൻ തയാറാകാഞ്ഞ പോലീസുകാര്‍ക്ക് സസ്‌പെൻഷൻ. ബേക്കറിയില്‍ നിന്ന് ബ്രെഡ് ഓംലെറ്റും ജ്യൂസും കഴിച്ച ശേഷം ബില്ലിലുള്ള തുക നല്‍കാൻ വിസമ്മതം പ്രകടിപ്പിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.
തമിഴ്നാട്ടിലെ ചെങ്കല്‍പട്ട് ജില്ലയിലാണ് സംഭവം. ഗുഡുവാഞ്ചേരിയിലെ ഓള്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സബ് ഇൻസ്പെക്ടര്‍ വിജയലക്ഷ്മിയും മൂന്ന് കോണ്‍സ്റ്റബിള്‍മാരുമാണ് സംഭവത്തെ തുടര്‍ന്ന് സസ്‌പെൻഷനിലായത്.
വിജയലക്ഷ്മിയും കോണ്‍സ്റ്റബിള്‍മാരും കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷന് സമീപമുള്ള ഒരു ജ്യൂസ് കടയില്‍ പോയി ബ്രെഡ് ഓംലെറ്റും ജ്യൂസും വാട്ടര്‍ ബോട്ടിലുകളും എടുത്തിരുന്നു. എന്നാല്‍ കടയുടമ പണം ആവശ്യപ്പെട്ടപ്പോള്‍ വിജയലക്ഷ്മിയും കൂട്ടരും പണം നല്‍കാൻ വിസമ്മതിക്കുകയായിരുന്നു. പിന്നാലെ കടയുടെ ലൈസൻസ് ഉള്‍പ്പെടെ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തി.
സംഭവത്തിന് പിന്നാലെ കടയുടമയായ മണിമംഗലം പരാതി നല്‍കുകയായിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തെ തുടര്‍ന്ന് സബ് ഇൻസ്‌പെക്ടര്‍ വിജയലക്ഷ്മിയെയും മറ്റ് മൂന്ന് കോണ്‍സ്റ്റബിള്‍മാരെയും താംബരം കമ്മീഷണര്‍ അമല്‍രാജ് സസ്‌പെൻഡ് ചെയ്തു. സംഭവത്തില്‍ തുടരന്വേഷണം നടന്നു വരികയാണ്.